Pages

2015, നവംബർ 6, വെള്ളിയാഴ്‌ച

ഒരു വെര്‍ച്വല്‍ പ്രണയം {കഥ }അമൃതയെ കാണാന്‍ ഡോക്ടര്‍ സുഹൃത്തിനൊപ്പം പുറപ്പെട്ടപ്പോള്‍ രണ്ടുണ്ടായിരുന്നു ഉദ്ദേശ്യം , വാരികയിലേക്ക് നല്ലൊരു സ്റ്റോറി കളക്റ്റ് ചെയ്യുക , വെറുതെ അവളെയൊന്നു കാണുക ..ബൈജു ഡോക്ടര്‍ അവരുടെ കുടുംബസുഹൃത്തായതു കൊണ്ടു മാത്രമാണ് അങ്ങനൊരു അവസരം ഒത്തു വന്നത് ..പക്ഷെ ചെന്നു കണ്ടപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് പല വട്ടം തോന്നി .അവള്‍ സാറിനെപ്പോലും തിരിച്ചറിയാതെ  തുറിച്ചു നോക്കികൊണ്ടിരുന്നു ..ചെറിയ കുട്ടികളുടെ ചേഷ്ടകള്‍ ..ഒരു മുതിര്‍ന്ന പെണ്ണാണെന്ന ബോധം ആ കുട്ടിക്ക് നഷ്ടപ്പെട്ടതുപോലെ ..

'കുറെയായി അഡ്മിറ്റ് ആയിരുന്നു .ഇന്നലെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത് .അവള്‍ ശുദ്ധവായു ശ്വസിച്ച് നല്ല ഭക്ഷണം കഴിക്കട്ടെ .എല്ലാം ശരിയാകുമായിരിക്കാം ..'ഡോക്ടറുടെ വാക്കുകളില്‍ പോലും ഒരു ഉറപ്പില്ലായ്മ നിലവിളിച്ചു .എങ്ങനെ ജീവിച്ച കുട്ടിയായിരുന്നു ..

ഏറണാകുളത്ത് ഐ ടി പ്രൊഫെഷണല്‍ ആയിരുന്നു അവള്‍ .മര്യാദക്കൊന്നു ഷോപ്പിങ്ങിനു പോകാന്‍ പോലും സമയമില്ലാത്ത തിരക്ക് ..ജോലി എടുക്കുന്ന മണിക്കൂറുകള്‍ക്കാണു ശമ്പളം ..

'ആ കുട്ടി പണക്കാരിയല്ലേ ,എന്തിനിങ്ങനെ മരിച്ചു പണിയെടുക്കണം?'

'ടാര്‍ജറ്റ് തികക്കുന്നവര്‍ക്കേ പ്രൊമോഷനും ജോലിസ്ഥിരതയുമുള്ളൂ .കൊമ്പറ്റീഷനാണ് പിടിച്ചു നില്‍ക്കല്‍.. .

ഫെയിസ് ബുക്കിലൂടെയാണ് അവള്‍ വരുണിനെ പരിചയപ്പെട്ടത് .അമ്മക്കോ അച്ഛനോ ആര്‍ക്കുമറിയില്ലായിരുന്നു ഒന്നും .ചാറ്റിംഗ് ,നിരന്തരവിളികള്‍ , ഓരോ നിമിഷവും അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു .വീട്ടില്‍ വന്ന് അമൃതയെ ആലോചിക്കാമെന്ന് അവന്‍ ഏറ്റതായിരുന്നു..'

ഡോക്ടര്‍ ഒന്നു നിര്‍ത്തി അവളെ നോക്കി .അവള്‍ പേപ്പറുകള്‍ കീറി കളിക്കുകയാണ് .വലിയവര്‍ കുട്ടികളെപ്പോലെ പെരുമാറുന്നത് ഇത്ര അരോചകമാവുന്നത് നമ്മുടെ ശീലങ്ങള്‍ക്ക് എതിരായത് കൊണ്ടാവാം .അവള്‍ സ്വയം സംസാരിക്കുന്നു , ദേഷ്യപ്പെടുന്നു , പൊട്ടിച്ചിരിക്കുന്നു ...

'വയലന്റായിരുന്നോ ' ഞാന്‍ ഒട്ടു മടിയോടെ ചോദിച്ചു .

'ഉം , ആദ്യം അലറി വിളിക്കലും  ഉപദ്രവിക്കലും  ഒക്കെ ഉണ്ടായിരുന്നു .കയ്യും കാലും ബന്ധിച്ചാണ് ക്ലിനിക്കില്‍ എത്തിച്ചത് .മനസ്സിലുള്ളത് മുഴുവന്‍ ഞാന്‍ ചോര്‍ത്തിയതോടെയാണ് ഒന്നടങ്ങിയത് ..'

'എന്നിട്ട്,   ആ ചെറുക്കന്‍ അമൃതയെ കല്യാണം ആലോചിച്ചോ ?'

'ഇല്ല , അതിനു മുമ്പേ അവന്‍ ആക്‌സിഡന്റില്‍ അവസാനിച്ചു ..ഒരാഴ്ച കഴിഞ്ഞാണ് അമൃത അറിയുന്നത് തന്നെ .അത് തന്നെ അവളുടെ കൂട്ടുകാരി ആ പേപ്പര്‍ എവിടുന്നോ തപ്പിപ്പിടിച്ചു കൊണ്ടു വന്നപ്പോള്‍ ..ഇപ്പഴത്തെ പിള്ളാരല്ലേ , എവിടെ   വായിക്കുന്നു  പേപ്പര്‍ . ചരമ പേജ് അവര്‍ കാണുക പോലുമില്ല ..ആ വാര്‍ത്തയാണവളെ  അധികം ഉലച്ചത് .ഒരു ഫ്രോഡിനെയാണല്ലോ താനിത്ര നാളും സ്‌നേഹിച്ചതെന്ന ദുഃഖം ..'

'അതെന്താ ?'

'ആ വാര്‍ത്ത ഇതാ , വായിച്ചു നോക്കൂ '

പാലക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് {28 വയസ് } മരിച്ചു .സൈബര്‍ സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിയിലായിരുന്നു .ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത് .പതിനഞ്ചോളം ഫെയ്ക്ക് ഐഡികളിലൂടെ പല യുവതികളുമായും പ്രണയം നടിച്ച് പണവും സ്വര്‍ണവും അപഹരിക്കുക , പ്രലോഭിപ്പിച്ച് ഹോട്ടലുകളില്‍ കൊണ്ടു പോവുക , അശ്ലീലചിത്രങ്ങളും  വീഡിയോകളും സംഘടിപ്പിച്ച് ബ്ലൂ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുക തുടങ്ങി നിരവധി കേസുകളാണ് ഇയാളുടെ പേരില്‍ ഉണ്ടായിരുന്നത് ..'

'അതയാള്‍ അല്ലെങ്കിലോ?അതേ ച്ഛായയുള്ള മറ്റാരെങ്കിലും ആയിക്കൂടെ?'

'അങ്ങനെ വിശ്വസിക്കുകയാണ് അവള്‍ ഇപ്പോഴും .ഒരാഴ്ച അവന്റെ മെസ്സേജുകള്‍ കാണാതായതോടെ അവള്‍ വല്ലാതെ ഡിപ്രസ്ഡ് ആയിരുന്നത്രെ .രണ്ടു ദിവസം റൂമില്‍ പനിച്ചു വിറച്ചു കിടപ്പായിരുന്നു ..അതുകൊണ്ട് തന്നെ പേടിച്ചു പേടിച്ചാണ് കൂട്ടുകാരി ആ വാര്‍ത്ത അവളെ കാണിച്ചത് ..അത് വായിച്ചപ്പോള്‍ തന്നെ അവള്‍ അലറിവിളിച്ചു.അല്ല അല്ല ഇതെന്റെ വരുണല്ല..നേര്‍ത്ത് പോയ കരച്ചില്‍ പിന്നെയും അലമുറയായി.   പൊടുന്നനെ  അവള്‍ ചാടിയെഴുന്നേറ്റു , റൂമിലെ സാധനങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് അവളിലെ ഭ്രാന്ത് അട്ടഹസിച്ചു ..

നിങ്ങള്‍ പറഞ്ഞ സംശയം എനിക്കും ഉണ്ടായിരുന്നു ..അതവളുടെ വരുണ്‍ ആവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞാന്‍ ആ നമ്പരിലേക്ക് വിളിച്ചു ,ഫോണെടുത്തത് ഒരു മുരടന്‍ , ചോദിക്കുന്നതിനെല്ലാം കടിച്ചു കീറും പോലെയാണ് അയാളുടെ ഉത്തരം .മരിച്ചത് വരുണ്‍ തന്നെയെന്നു ബോധ്യമായി .എന്നിട്ടും ഒരു ഉറപ്പിന് ആ വീടും തേടി ഞാനും അമൃതയുടെ അച്ഛനും യാത്ര തിരിച്ചു ..

വരുണ്‍ പറഞ്ഞ പോലെ അവനൊരു എന്‍ജിനീയര്‍ ആയിരുന്നില്ല , രണ്ടു നില വീടുണ്ടായിരുന്നില്ല , മുറ്റത്ത് കാറുകള്‍ നിര്‍ത്തിയിരുന്നില്ല ,നുണകളുടെ ചുടുകട്ടകളാല്‍ പണിത വെറും  സങ്കല്പകൊട്ടാരം മാത്രമായിരുന്നു എല്ലാം .  അതൊരു ലക്ഷം വീടായിരുന്നു , അമ്മ വളരെ ചടച്ചു പോയൊരു സ്ത്രീ , ചെറിയൊരു കുട്ടിയുണ്ട് .വരുണ്‍ അവരുടെ ആദ്യഭര്‍ത്താവിലെ  മകനാണ് .പോലീസാവുമെന്നു കരുതി അവര്‍ ഞങ്ങളെ കണ്ടു പരിഭ്രമിച്ചു ..

'ഒന്നും പറഞ്ഞിട്ട് കാര്യംല്ല സാറേ , എത്ര നന്നാക്കാന്‍ നോക്കി , പോയില്ലേ , ന്റെ കുട്ടി പോയില്ലേ ,ഇനിയും എന്തിനാ സാറേ അവന്റെ പേരില്‍ കേസും കൂട്ടോം?'

ഞങ്ങള്‍ പോലീസല്ലെന്നു ബോധ്യപ്പെടാന്‍ അവര്‍ക്ക് കുറെ സമയം വേണ്ടി വന്നു. അന്ന് ഫോണ്‍ എടുത്തത് അവരുടെ രണ്ടാം ഭര്‍ത്താവായിരുന്നു ..അയാള്‍ വരുന്നുണ്ടോയെന്ന് ഭയത്തോടെ നോക്കിക്കൊണ്ട് അവര്‍  പതുക്കെ പറഞ്ഞു  .'അയാളുടെ തല്ലും കൊണ്ട് ഞാനിവിടെ കഷ്ടപ്പെട്ട് കഴിയിണത്  അവനൊരു കര പറ്റട്ടെന്നു കരുതിയാ ..അവനു ജോലിയായാ അവന്‍ മത്യാര്ന്നല്ലോ എനിക്ക് .വിധില്ല സാറേ , ന്റെ കുട്ടിക്ക് നന്നാവാനും ജീവിക്കാനും വിധില്ല ..'അവര്‍ തേങ്ങിക്കരഞ്ഞു ..

'അയാള് എത്രയാ പാവത്തിനെ തല്ലീര്‍ന്നത് ..ചെര്‍പ്പത്തിലെ ഓന്റൊരു വാശ്യേര്‍ന്ന് പൈസക്കാരനാവണന്ന്..വല്യ വീട് വെക്കണംന്ന്..ഞാന്‍ പണിക്കു പോയാ ഓനെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് , വേഗം ജോലി കിട്ടാന്‍ , ഇവിടെ അടുത്തൊരു കഫേല് ഓന് പണീംണ്ടാര്‍ന്ന് ..പിന്നെന്തിനാ ന്റെ കുട്ടി ഈ കേസിലോക്കെ പോയി ചാടിയത് ...'

മനുഷ്യരുടെ കൂമ്പാരം കൂടിയ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ ഏതു മനോരോഗവിദഗ്ധനും നിസ്സഹായനാണ് ..തിരിച്ചു വരുമ്പോള്‍ ആ അമ്മയുടെ നിലയ്ക്കാത്ത തേങ്ങല്‍ എന്റെ ഉള്ളില്‍ വിങ്ങിക്കൊണ്ടിരുന്നു ..'

'സാര്‍ കുറച്ചു എഴുതുന്ന കൂട്ടത്തിലായതോണ്ടാ , സാധാരണ ഡോക്ടര്‍മാര്‍ പൊതുവെ ശിലാഹൃദയമാ ,ഒരു വിധകണ്ണീരൊന്നും അവരെ ഉലയ്ക്കുകയില്ല..ഈ സ്റ്റോറി കൊടുക്കണോ? അവളെ കാണുമ്പോള്‍ എന്റെ മകളെപ്പോലെ തോന്നുന്നു ..'

'കൊടുക്കണം .അവളുടെ ഐഡന്‍ടിറ്റി വെളിപ്പെടുത്തേണ്ട .ചാറ്റ് ചെയ്യുന്ന ഐഡികളില്‍ റിയല്‍ ഏത് ഫെയ്ക്ക് ഏത് എന്ന് തിരിച്ചറിവുണ്ടാകട്ടെ പെണ്‍കുട്ടികള്‍ക്ക് ..'

'ശരി സാര്‍ ,ഞാനിറങ്ങട്ടെ, അമൃത സ്മാര്‍ട്ട് ആയി അടുത്തുതന്നെ ജോലിക്ക് പോവും , എനിക്കുറപ്പാ ..'

'അതെ, അങ്ങനെ സംഭവിക്കാനാണ് ഞാനും പ്രാര്‍ഥിക്കുന്നത് ..അരവിന്ദും ഞാനും ക്ലാസ്സ്‌മേററ്റ്‌സ് ആയിരുന്നു .അവന്റെ മോള്‍ എന്റെയും മോളാ ..'
ഡോക്ടറുടെ നിറഞ്ഞ കണ്ണുകള്‍ എന്റെ മനസ്സിനെ കോറിവരച്ചു .കാറില്‍ കയറുമ്പോള്‍ എപ്പോഴും മൊബൈല്‍ സ്‌ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്റെ മകളുടെ ചിത്രം വല്ലാത്തൊരു ആധിയോടെ ഞാന്‍ ഓര്‍മിച്ചു ...

3 അഭിപ്രായങ്ങൾ:

 1. എഡിറ്റിംഗ് നടത്തേണ്ടതുണ്ട്.....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നല്ല കഥയാണ്‌. കുറച്ചു കൂടെ ശ്രദ്ധിച്ചു എഴുതിയാൽ ഇനിയും നന്നാകും

  മറുപടിഇല്ലാതാക്കൂ
 3. ഇനിയും നന്നാക്കാമായിരുന്ന പ്രമേയം

  മറുപടിഇല്ലാതാക്കൂ