Pages

2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

വിദ്യാഭ്യാസം(കഥ)കാലുറയ്ക്കുള്ളില്‍ കത്തി തിരുകി, ബാഗിലെ കത്തി അതിന്റെ രഹസ്യയറയില്‍ ഇല്ലേയെന്ന് ഉറപ്പു വരുത്തി അവന്‍ സ്‌കൂളിലേക്ക് പുറപ്പെട്ടു. പലരോടും കണക്ക് തീര്‍ക്കാനുണ്ട്, സിനിമയിലെ ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല് കെട്ടി, കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്‌റ്റൈലില്‍ സ്‌കൂളില്‍ പോകാനായിരുന്നു അവനിഷ്ടം..പക്ഷെ, ആ നശിച്ച സ്‌കൂള്‍ ഒന്നും അനുവദിക്കില്ല. എന്തിനാണീ അലമ്പ് സ്‌കൂളുകള്‍? ഒരു ഗുണ്ടയുടെ യഥാര്‍ത്ഥഫോമില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ..ഇപ്പോ ആകെയുള്ളത് രീത്തുവാണ്. തന്റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി..
സിനിമയിലും കമ്പ്യുട്ടര്‍ഗെയിമിലുമെല്ലാം ശക്തന്‍ വില്ലനാണ് ഹീറോ എത്ര മലര്‍ത്തിയടിച്ചാലും വില്ലന് തന്റെ ശക്തികൊണ്ട് ഉയര്‍ത്തെഴുന്നെല്‍ക്കാനാകും. എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നത്. അതുകൊണ്ടെന്താണ് പ്രയോജനം? ആയ കാലം എങ്ങനേലും വല്ലതും സമ്പാദിക്കണം. ലാവിഷായി ജീവിക്കണം, അതിനു പറ്റിയ പണി ക്വട്ടേഷന് പോവലാണ്. പിടിയിലാകാതെ പിടിച്ചു നിന്നാല്‍ കോടീശ്വരനാകാം, വല്ല കള്ളക്കടത്തും ഉണ്ടേല്‍ പിന്നെ പറയേം വേണ്ട..

എല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോന്ന്  ആരു കണ്ടു? മമ്മിക്ക് താന്‍ എങ്ങനേലും ഡോക്ടറോ എന്ജിനീയരോ ഐ എ എസോ ആയിക്കിട്ടിയാല്‍ മതി. എത്ര പഠിച്ചാലും കിട്ടാന്‍ പോണത് പണം തന്നെയല്ലേ? അതിനെന്തെല്ലാം കുറുക്കുവഴികളുണ്ട്..വേദപാഠക്ലാസ്സില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം 'നല്ലതേ ചെയ്യാവൂ, നല്ലതേ ചിന്തിക്കാവൂ...' ഭ്രാന്ത്, അല്ലാതെന്ത്? അവനവന് മെച്ചം കിട്ടുന്നതെന്തോ അതു തന്നെ നല്ലത്..മമ്മി അച്ചനോട് പറയുന്നത് കേള്‍ക്കാം

 'ഞാന്‍ അന്യനാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നത് എന്റെ മോന് വേണ്ടിയാണച്ചോ. അവന്റെ എല്ലാ കാര്യത്തിലും ഒരു കണ്ണു വേണം..അവനെ നല്ല കുട്ടിയാക്കണം..അവന്റെ ഡാഡിയെപ്പോലെ ഒരു മൃഗമല്ല..'  

ഡാഡി- മമ്മി ഒരു ഫോട്ടോ പോലും കാണിച്ചിട്ടില്ല അയാളുടെ..എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല. ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും ചോദിക്കാറുമില്ല, താന്‍ വലിയ ആളായില്ലേ..പതിനേഴ് വയസ്സ് അത്ര ചെറിയ പ്രായമല്ലല്ലോ..ഒരു കാര്യവും താന്‍ കുറെയായി മമ്മിയോട് ചോദിക്കാറില്ല..ഗള്‍ഫില്‍ ജോലി എങ്ങനെയെന്നോ, സുഖമാണെന്നോ, ഒന്നും..തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടു കണ്ടാവും അവര്‍ ഇടയ്ക്കിടെ അച്ചനോട് പതം പറയുന്നത്'- "പാറയാ അച്ചോ ഇച്ചെക്കന്റെ മനസ്സ്, ഇതയാളുടെ തനിപ്പകര്‍പ്പാ..ഞാന്‍ കഷ്ടപ്പെടുന്നത് എന്തിനാ? പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ, അത്ര തന്നെ..'

'അതു ശരിയാ'താന്‍ മനസ്സില്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തെ നയിക്കാന്‍ പോകുന്നവന് എവിടെയാണ് അമ്മയെ പുന്നാരിക്കാന്‍ സമയം? കുറച്ചു കാശു ചെലവാക്കി വളര്‍ത്തീന്നു വെച്ച് വയസ്സായ അച്ഛനേം അമ്മയേം നോക്കിയിരിക്കലാണോ മക്കള്‍ക്ക് പണി? വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

 ഹോസ്റ്റലില്‍ നിന്നും അധികദൂരമൊന്നുമില്ല സ്‌കൂളിലേക്ക്..അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.. എല്ലാം കഴിയുമ്പോള്‍ പോലീസ് പിടിക്കാതെ നോക്കുകയും വേണം..

 പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന്റെ പിറകിലെത്തി. ബാഗുള്ളത് കൊണ്ട് പിറകില്‍ നിന്ന് ശരിയാവില്ല..വട്ടം പിടിച്ച്, വാ പൊത്തി ആദ്യത്തെ പ്രയോഗം നടത്തിയെങ്കിലും സിനിമയില്‍ കാണുന്ന അത്ര എളുപ്പമായില്ല കത്തി വലിച്ചൂരല്‍..ചോര കണ്ടപ്പോഴാകട്ടെ, തല കറങ്ങുന്നു..വില്ലനില്‍ നിന്ന് വിരുദ്ധമായി ബോധം മറഞ്ഞ് ഒരു ഭീരുവായി താന്‍ നിലത്തു വീണു..

കണ്ണു തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു, തുറിച്ചു നോക്കുന്നു. എണീറ്റോടാന്‍ ശ്രമിച്ചു. കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു..താനിത്രയും പേടിത്തൊണ്ടനായല്ലോ..വിചാരിച്ചപോലെ ഒന്നും നടന്നില്ല, ഗുണ്ടാത്തലവനെന്ന തന്റെ സ്വപ്നം ..
മമ്മി ആരെക്കൊണ്ടെങ്കിലും രക്ഷപ്പെടുത്തുമായിരിക്കും. ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്..

കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ അവന്‍ എല്ലാവരെയും തുറിച്ചു നോക്കി .........  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ