Pages

2014, മാർച്ച് 23, ഞായറാഴ്‌ച

ഒരു നര്‍ത്തകിയുടെ ജീവിതം(കഥ)

നര്‍ത്തകി ഓരോ അരങ്ങിലും ആടിത്തീര്‍ത്ത വേഷങ്ങളെക്കുറിച്ച് ഇടയ്ക്കിടെ ചിന്തിക്കും. കൊയ്ത്തുകാരിയായി, തെരുവുപെണ്ണായി, പൂക്കാരിയായി...വേഷങ്ങളുടെ ആ നരച്ച പ്രളയങ്ങളുമായി തനിക്കൊരു തരി ബന്ധമില്ലല്ലോ എന്നു ആശ്ച്ചര്യപെടുകയും ചെയ്യും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു പാടത്ത്, ചളിയില്‍ ഇറങ്ങിയിട്ടില്ല. ഒരു മുക്കുവക്കുടില്‍ കണ്ടിട്ടു തന്നെയില്ല. അവരുടെ വേദനകള്‍ തൊട്ടറിഞ്ഞിട്ടില്ല. ഫ്‌ലാറ്റില്‍ ഫോം ബെഡില്‍ കിടന്നുറങ്ങുന്ന തനിക്ക് എന്താണതിന്റെ ആവശ്യം? എന്നാലും ആടിത്തീര്‍ത്ത കഥാപാത്രങ്ങളെല്ലാം വമ്പന്‍ വിജയങ്ങളായിരുന്നു...
അവള്‍ ഓര്‍ത്തു: ഉല്ലാസപ്പാര്‍ക്കുകളിലെ കെട്ടിനിര്‍ത്തിയ ജലം പോലെയാണ് തന്റെ ജീവിതം. പലരും അതിലിറങ്ങി ഉല്ലസിക്കുന്നു. ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും മാത്രം തന്റെ ചുറ്റും മുഴങ്ങുന്നു. തനിക്കീ ദരിദ്രജീവിതങ്ങള്‍ ആടാനെന്താണവകാശം? ഒരു നേരം പോലും അവരുടെ കണ്ണീരിന്റെ ഉപ്പ് നുണയാത്ത തനിക്ക് അവരുടെ ജീവിതദുഃഖത്തെ പൊലിപ്പിച്ചു കാട്ടി കാശു വാങ്ങാന്‍ ശരിക്കും അര്‍ഹതയുണ്ടോ?

വ്യസനത്തിന്റെ കൊടുങ്കാട്ടിലേക്ക് ഒരു കാര്യവുമില്ലാതെ അങ്ങനെയാണവള്‍ തന്റെ ജീവിതത്തെ വലിച്ചെറിഞ്ഞത്. നൃത്തം ഉപേക്ഷിക്കയാണെന്നറിഞ്ഞ് അവളുടെ അമ്മ പൊട്ടിത്തെറിച്ചു. അച്ഛന്‍ പോലുമില്ലാത്ത അവളെ എത്ര കഷ്ടപ്പെട്ടാണ് പോറ്റിയതെന്നു പ്രലപിച്ചു. സമയാസമയങ്ങളില്‍ ലഭിച്ചിരുന്ന മുന്തിയ ഭക്ഷണം, പരിചരണം എല്ലാം ഇട്ടെറിഞ്ഞു അവള്‍ തെരുവിന്റെ ചൂടിലേക്കും ചെളിയിലേക്കും സിദ്ധാര്‍ത്ഥനെപ്പോലെ ഇറങ്ങി. താന്‍ ആടിത്തീര്‍ത്ത ഒരു ജീവിതമെങ്കിലും നേരില്‍ കാണണം. ഒരാളുടെ വ്യസനമെങ്കിലും തീര്‍ത്തു കൊടുക്കണം..

അനന്തരം:  

അവള്‍ ഒരു പിച്ചക്കാരിയെ കണ്ടു. താന്‍ അണിഞ്ഞിരുന്ന പോലെ കീറിപ്പാറിയ വേഷം. മുഖത്ത് അനേകനാളത്തെ അഴുക്കുണ്ട്. വരണ്ട തൊലിയില്‍ വിണ്ടു കിടക്കുന്ന ചുളിവുകള്‍, കണ്ണുകളില്‍ നിന്നു തെന്നി വീഴുന്ന മരവിപ്പിക്കുന്ന നിസ്സംഗത, അതൊന്നും ഒരു മേക്ക് അപ്പ് മാനും ഉണ്ടാക്കിത്തരാനാവില്ല. 'അമ്മേ' അവള്‍ അവരെ തോണ്ടി വിളിച്ചു.ശൂന്യമായ കണ്ണുകളോടെ നാലഞ്ചു തെറികളോടെ അവര്‍ അവളെ എതിരേറ്റു. മുഖത്ത് ഒരു മയക്കം മുടങ്ങിയതിന്റെ ഈര്‍ഷ്യ..ഭക്ഷണം വിരുന്നെത്തുന്ന ദേഹത്തിന് ഒട്ടും കാന്തിയില്ല. പിച്ച തെണ്ടാന്‍ പോയിരുന്ന മക്കളുമായി അവര്‍ തെരുവിന്റെ മൂലയിലേക്ക് നടന്നു. വക്കു പൊട്ടിയ ബിസ്‌ക്കറ്റുകള്‍, ചീഞ്ഞു തുടങ്ങിയ പഴങ്ങള്‍, എച്ചിലിലകളില്‍ നിന്നു കിട്ടിയ പല തരം ഭക്ഷണങ്ങള്‍...എല്ലാം അവര്‍ ഒരു കീറപ്ലേറ്റിലേക്കിട്ടു. പിന്നെ ആര്‍ത്തിയോടെ മൂവരും തീറ്റ തുടങ്ങി...

അവള്‍ക്ക് അറപ്പ് തോന്നി. ഒരാളുടെയും ബാക്കി അവള്‍ കഴിക്കാറില്ല. താന്‍ ആടിയതൊന്നുമല്ല ഇവരുടെ ജീവിതം. ഇയ്യാംപാറ്റകളെപ്പോലുള്ള ഈ ജീവിതങ്ങളെ താനൊരാള്‍ വിചാരിച്ചാല്‍ നേരെയാക്കാനാവില്ല. തിളയ്ക്കുന്ന നിരത്തിലൂടെ പരവേശത്താല്‍ ശ്വാസം മുട്ടി അവള്‍ നടന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് നേരം കെട്ട നേരത്തു അലയരുതെന്നു ചില ആണ്‍കൂട്ടങ്ങള്‍ അവളെ പഠിപ്പിക്കുകയും ചെയ്തു. ത്യാഗത്തിന്റെ വഴി കല്ലും മുള്ളും മാത്രമല്ല കനലും നിറഞ്ഞതാണ് അവള്‍ വിചാരിച്ചു.

ഫ്‌ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അകത്തു പതിഞ്ഞ സംസാരം, ചിരി.. ആരാണ് ഈ അന്തിനേരത്തു വീട്ടില്‍?അവള്‍ വാതിലില്‍ മുട്ടി..........

'ഹാവൂ, അതെല്ലാം സ്വപ്നമായിരുന്നു' അവള്‍ ആശ്വാസത്തോടെ പട്ടുമെത്തയില്‍ ചാരിയിരുന്നു. വിശ്വാസം വരാതെ അവള്‍ വീണ്ടും കണ്ണു തിരുമ്മി. എന്നാലും ഇത്രേം നീണ്ടൊരു സ്വപ്‌നോ? അതു വരെ അനുഭവിച്ച വേവും ചൂടും അവളെ വീണ്ടും പൊള്ളിച്ചു..

കടം കൊണ്ട് മുടിഞ്ഞ ഒരു കര്‍ഷകകുടുംബത്തിന്റെ ദുരിതമാണ് തന്റെ പുതിയ ഡാന്‍സിന്റെ തീം. അയാള്‍ എല്ലാവര്‍ക്കും രാത്രി വിഷം കലര്‍ത്തിയ ഐസ് ക്രീം കൊടുത്ത ശേഷം ബാക്കി സ്വയം കഴിക്കുന്നു. 'എന്റെ ദൈവമേ' ജീവിതത്തിലാദ്യമായി അവള്‍ പ്രാര്‍ഥിച്ചു. 'അങ്ങനൊരു വിധിയൊന്നും തരല്ലേ. ആ ജീവിതങ്ങളുടെ ചൂളത്തീ ഈ കാലുകളെ പഴുപ്പിക്കും. ചുവടുകളും മുദ്രകളുമില്ലാതെ പരുക്കന്‍ പാറകളിലൂടെ വലിഞ്ഞിഴയുന്ന ദീനജന്മങ്ങള്‍...

അവള്‍ പാലും മുട്ടയും കഴിച്ചു. പരിചാരിക അവളെ അണിയിച്ചൊരുക്കി. അവള്‍ മനസ്സില്‍ കുറിച്ചു: ഈ ഡാന്‍സൊരു സംഭവമാക്കണം. ആളുകളുടെ കണ്ണു നിറയണം. കളക്ഷന്‍ റെക്കോഡ് തകര്‍ക്കണം.

അവള്‍ പരിചാരികയെ നോക്കി ശാന്തയായി പുഞ്ചിരിച്ചു.................        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ