Pages

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പീപ്പി(കഥ)


ജാലകക്കീറിലൂടെ ചുരുണ്ടു വീഴുന്ന ഇരുട്ടിന്റെ കട്ടിക്കമ്പിളിയിലെ നക്ഷത്രപ്പുള്ളികള്‍ അവളെ നോക്കി കണ്ണിറുക്കി.ഒരു ശോകഗാനം കരച്ചിലായി ഹൃദയം പിളര്‍ന്നു പുറത്തേക്കൊഴുകി.ഒരിക്കലും കണ്ടിട്ടില്ലാത്ത സ്‌നേഹത്തിന്റെ നീലക്കുളം.അതിലൂടെ അരിച്ചു നീങ്ങുന്ന കൊതുമ്പുവള്ളത്തില്‍ സങ്കല്‍പ്പത്തിലെ പ്രേമമത്രയും കോരിയൊഴിച്ചു മോടി വരുത്തിയ ആ രൂപം..പൊടുന്നനെ ഭാവനയുടെ ചില്ലുകൊട്ടാരത്തെ തവിടുപൊടിയാക്കിക്കൊണ്ട് ഒരു വിതുമ്പലുയര്‍ന്നു.പാട്ടിന്റെ വരികള്‍ ശ്വാസം മുട്ടി താഴെ വീണു.ഇരുട്ടില്‍ തപ്പിച്ചെന്നു ലൈറ്റിട്ടപ്പോള്‍ ബെഡില്‍ കമഴ്ന്നു കിടന്നു കരയുകയാണ് രോഷ്‌നി.
'എന്താ, എന്തു പറ്റി?'
മറുപടിയില്ല.അല്ലേലും അവള്‍ ആരോടാ മനസ്സു തുറക്കാറ്?കണ്ടാല്‍ എന്തേലും വിഷമമുള്ള കുട്ടിയാണെന്നു തന്നെ തോന്നില്ല.ഒരു പാട് നിര്‍ബന്ധത്തിനു ശേഷം അവളൊരു കഥയുടെ താള്‍ മറിച്ചു.
'ഒരു പാട് സ്‌നേഹിച്ചിരുന്നു ഞാനവനെ.കൊളെജീന്നു ടൂര്‍ പോയപ്പോ അവനീ പാട്ടു പാടിയിരുന്നു.എപ്പോ ഈ പാട്ട് കേട്ടാലും എനിക്ക് കരച്ചിലടക്കാനാവില്ല.'
'നീയൊരു സുന്ദരിക്കുട്ടിയായിട്ടും?'
'രണ്ടു മതക്കാരായ നമ്മള്‍ ബന്ധുക്കളെയൊക്കെ പിണക്കി വിവാഹം കഴിച്ചാലും പല കാര്യത്തിലും നമുക്ക് യോജിപ്പുണ്ടാവില്ല.സ്‌നേഹത്തിന്റെ ഈ വര്‍ണത്തൂവലൊക്കെ കൊഴിഞ്ഞു പോകും കുട്ടീ.പിന്നെ തൊങ്ങലില്ലാതെ ഇറച്ചിയുടെ വൈരൂപ്യം മാത്രം ബാക്കിയാവും.'
"ഒരു തത്വചിന്തകനെപ്പോലെ അതും പറഞ്ഞവന്‍ തിരിഞ്ഞു നടന്നപ്പോള്‍ പാര്‍ക്കില്‍ ആരുമുണ്ടായിരുന്നില്ല.ഉറക്കെ നിലവിളിക്കണമെന്നും ആരുമില്ലാതായ ഈ ലോകത്തു നിന്നും ഓടിപ്പോകണമെന്നും അതിയായ ആഗ്രഹമുണ്ടായി."
മുഖത്തൊട്ടും പ്രസാദമില്ലാതെ ഓര്‍മകളെ ഒട്ടും വിട്ടു കളയാന്‍ കൂട്ടാക്കാതെ അവള്‍ ചുമരിനടുത്തേക്ക് നീങ്ങിക്കിടന്നു.

അസ്സൈന്മെന്റും റെക്കോര്‍ഡുകളും തയ്യാറാക്കുന്ന തിരക്കു പിടിച്ച ഒരു ദിവസം ഒരു കരിങ്കല്ലിടുംമ്പോലെ രോഷ്‌നി പൊടുന്നനെ പറഞ്ഞു.
'അപ്പന്‍ സ്വത്തൊന്നും ഓഹരി വെക്കുന്നില്ലേല്‍ ഞാനെന്റെ ഷെയര്‍ ചോദിച്ചു വാങ്ങും.'
പകച്ചു പോയി.രണ്ടു ദിവസം മുമ്പ് പൊട്ടിക്കരഞ്ഞ തൊട്ടാവാടി തന്നെയോ ഇത്?
'നിന്റപ്പനല്ലേ?നിങ്ങള്‍ മക്കള്‍ക്കല്ലാതെ സ്വത്ത് മറ്റാര്‍ക്ക് കൊടുക്കാനാ?എന്തിനാ ഓരോന്ന് പറഞ്ഞു അവരെ വിഷമിപ്പിക്കുന്നത്?'
'അങ്ങനെ ഒറപ്പിക്കാനൊന്നും പറ്റില്ല.ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് കല്യാണം കഴിഞ്ഞാ കഴിഞ്ഞു, വീടുമായുള്ള സ്വന്തോം ബന്ധോം.'
'നിന്റെ ചേച്ചീം പഠിക്കാണോ?'
'ഡിഗ്രി കഴിഞ്ഞതാ.കല്യാണം കഴിഞ്ഞേപ്പിന്നെ പഠിച്ചിട്ടില്ല.'
'നിന്നെപ്പോലെത്തന്നെ സുന്ദരിയാവും.?'
'ഉം ,നാട്ടിലെ സുന്ദരി തന്നാരുന്നു.മുട്ട് വരേയാ മുടി.കോളേജിലൊക്കെ എത്ര ആമ്പിള്ളാരാ ചേച്ചീടെ പിറകെ നടന്നിരുന്നത്.
'ഭാഗ്യവതി .'
എന്നും ഒരു സുന്ദരിയാവാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ നൈരാശ്യത്തോടെ മന്ത്രിച്ചു.
'ആയിരുന്നു,പക്ഷെ...'
ഒരു പാടു നേരം മൌനത്തിന്റെ പൊത്തിലേക്ക് തല പൂഴ്ത്തി അവള്‍.കണ്ണുകള്‍ കലങ്ങി.എന്തു ഭംഗിയാണാ കണ്ണുകള്‍.
'ചേച്ചി ഇപ്പോ ഒരു മാനസികരോഗിയാ.ഡീപ്പ് ഡിപ്പ്രഷന്‍.ആരോടും മിണ്ടാതെ ഒരു റൂമില്‍ അടച്ചിരിക്കും.കുട്ടികളെയൊന്നും തിരിഞ്ഞു നോക്കില്ല.കുന്നിക്കല്‍ തറവാടിന് ഭ്രാന്തത്ത്യാളെ പോറ്റേണ്ട ഗതികേടൊന്നും ഇല്ലെന്നു അവളുടെ അമ്മായിയമ്മ ഇടയ്ക്കിടെ അമ്മയോട് ആക്രോശിക്കും.'
ഹൃദയത്തിലെ ദുഃഖമലയിലേക്ക് ചോരത്തുള്ളികള്‍ മഞ്ചാടിമണികളായി ഉതിര്‍ന്നു.കഷ്ടം!എന്നിട്ടാണവള്‍ അച്ഛനോട് അവകാശം ചോദിക്കാന്‍ പോണത്.കല്ലിച്ചു പോയോ ഈ കുട്ടീടെ മനസ്സ്?
പരീക്ഷ കഴിഞ്ഞു.പല നാട്ടില്‍ നിന്നും ഒത്തു കൂടിയവര്‍ പിരിയാറായി.വീട്ടിലേക്ക് ഓരോന്ന് വാങ്ങുന്നതിനിടെ രോഷ്‌നി ഒരു പീപ്പിയുടെ വില ചോദിക്കുന്നത് കേട്ടു.ചേച്ചീടെ കുട്ടികള്‍ക്കായിരിക്കും.
രാത്രിഒരു വര്‍ഷം പെയ്ത രസങ്ങളെയൊക്കെ ഓര്‍ത്തു ചിരിക്കവേ റോഷ്‌നിയെ മാത്രം കാണാനില്ല.പതുക്കെ മുറ്റത്തിറങ്ങി.നിലാവില്‍ ചുറ്റുതറയില്‍ കൂനിപ്പിടിച്ചിരിക്കുന്നു.കയ്യിലാ പീപ്പി ...
'ന്റെ തൊട്ടാവാടീ ഇനിപ്പോ എന്താ പുതിയ സങ്കടം?പറയാണെങ്കി എനിക്കെത്ര പറയാനുണ്ട്.അതൊന്നും ഓര്‍ക്കാതെ വെറുതെ പൊട്ടിച്ചിരിക്കും.ഒരു പക്ഷെ ഭാവിയില്‍ ചിരിക്കു പോലും യോഗമില്ലെങ്കിലോ?'
പെട്ടെന്നവള്‍ പൊട്ടിക്കരഞ്ഞു.മറ്റൊരു കഥയുടെ ഗുഹാമുഖം അവളാ പീപ്പിയാല്‍ തള്ളിത്തുറന്നു.അവിടെ വളര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ,കളിപ്പാട്ടങ്ങള്‍ക്കിടയില്‍ സദാ ചിരിച്ച് മൂത്ത ചേച്ചി.നിങ്ങളെല്ലാം എന്തിനു വ്യസനിക്കുന്നു എന്നു നിശ്ശബ്ദം ചോദിച്ച്..
'ചേച്ചിക്ക് പീപ്പി ഭയങ്കര ഇഷ്ടാ.എപ്പോ ഞാന്‍ ചെന്നാലും പീപ്പീ പീപ്പീന്നു പറഞ്ഞു കരയും.ഞാന്‍ മരിക്കണേന്റെ മുമ്പേ ന്റെ കുട്ട്യേ വിളിച്ചേക്കണേ കര്‍ത്താവേന്നു അമ്മ എപ്പോഴും വിതുമ്പും.എനിക്കാ വീട് ഇഷ്ടല്ല.ഒരു പാട് ദൂരേക്ക് രക്ഷപ്പെടണം എനിക്ക്.ബോധല്ലാത്ത രണ്ടാള്‍ക്ക് വേണ്ടി അപ്പന്‍ സ്വത്തു മുഴുവന്‍ കളയോന്നാ എന്റെ പേടി..'
അവള്‍ വീണ്ടും കടുത്ത പാറയാകാന്‍ തുടങ്ങി.വാക്കുകള്‍ കല്‍ച്ചീളുകളായി.ഇരുളിന്റെ ഒരു കൂമ്പാരം..അതിന്റെ മുകളിലിരുന്ന് ആ മഞ്ഞപ്പീപ്പി പൊട്ടിച്ചിരിച്ചു.അതിന്റെ പിരിയന്‍ കഴുത്തില്‍ നിന്നും തൂങ്ങുന്ന പളുങ്കുമുത്തുകള്‍ കിലുങ്ങി.എപ്പോഴും ചിരിക്കുന്ന കണ്ണുകള്‍, വട്ടം ചുഴറ്റുന്ന ഒരു മുഖം ആ പീപ്പിയോടൊട്ടി പിറുപിറുത്തു.
'ന്റെ പീപ്പി കണ്ടോ അമ്മേ?ന്താ ഒരു രസള്ള ശബ്ദം............................'


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ