Pages

2012, മേയ് 3, വ്യാഴാഴ്‌ച


വഴിയോരം

മുമ്പെന്നോ വായിച്ച ഒരു കഥ പിന്നീടെപ്പഴോ കസേരയിട്ട് ജീവിതത്തിലേക്ക്‌ കടന്നിരിക്കുക!അങ്ങനൊരനുഭവം എല്ലാവര്‍ക്കും ഉണ്ടാവില്ല.കോളേജില്‍ പഠിക്കുമ്പോള്‍ ആവണം വഴിയോരം എന്ന ആ കഥ വായിച്ചത്.കഥയുടെ പ്രേതം ആമപോലെ തന്‍റെ കൂടെ ഇഴയുന്നുണ്ടെന്നു ചോരച്ച ഈ ആമക്കാലുകള്‍ കാണുമ്പോള്‍ മാത്രമാണറിയുന്നത്.വിണ്ടുകീറിയ പുറന്തോട് കോക്രികാട്ടി ചിരിക്കുന്നു.അവസാനം തെരുവിലെക്കിറങ്ങേണ്ടി വന്ന ഒരു പെങ്ങളുടെ കഥയായിരുന്നു അത്.അച്ഛനും അമ്മയും മരിച്ചതോടെ ച്യുയിംഗം പോലെ ചവച്ചെറിയപ്പെട്ട ആ ജീവിതം തെരുവിന്‍റെ മുള്ളിലേക്കിറങ്ങേണ്ടി വന്നു.അത്ര നാളും മറ്റുള്ളവര്‍ക്കായി ചെയ്ത വേലകളുടെ പ്രതിഫലം.

കരയുന്ന ചിലങ്കയായിരുന്നു അവളുടെ മനസ്സ്‌.കിലും കിലും എന്ന് കാണികള്‍ക്കത് ഹര്‍ഷാരവം നല്‍കിയപ്പോള്‍ ഓട്ടുമണികളുടെ ഉളളില്‍ കണ്ണീര്‍ തുള്ളിയുതിര്‍ത്തു.മുഷിഞ്ഞ വസ്ത്രം അവളെ നോക്കി വാടിയ ചിരി ചിരിച്ചു.ജോലി ഉണ്ടായിരുന്ന അന്ന് ഇങ്ങനെയൊന്നും നടന്നതല്ല.പെന്‍ഷന്‍ അവന്‍ പോയി വാങ്ങും.ഒപ്പിനുവേണ്ടിയാണ് പലപ്പോഴും നെടുനാള്‍ നീളുന്ന വഴക്ക്.ഇപ്പോള്‍ ഇത്തിരി മണ്ണുള്ളതും കൈക്കലാക്കണമെന്നാണ് അവന്‍റെ ആര്‍ത്തി.വഴിയോരത്ത്‌ ചടഞ്ഞിരിക്കുമ്പോള്‍ ഒരാള്‍ പതുക്കെ നടന്നു വരുന്നു.ഭൂതകാലത്തില്‍ നിന്നൊരു ചരട് അവളെ തൊട്ടു.”ഏയ്‌”പതിഞ്ഞ ശബ്ദത്തില്‍ അവര്‍ വിളിച്ചു.ചിതറിയ തേങ്ങല്‍ പോലെ അതയാളെ സ്പര്‍ശിച്ചു.തീക്ഷ്ണത വറ്റിത്തീരാത്ത ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവര്‍.അങ്ങനെ നോക്കാനാഗ്രഹിച്ച കാലത്ത്‌ അവര്‍ക്കതിന് അനുവാദമുണ്ടായിരുന്നില്ല.കോളേജിന്‍റെ നെടുങ്കന്‍ ഭിത്തികളും ജയില്‍ നിയമങ്ങളും പ്രേമത്തെ ഒരിക്കലും തളിര്‍പ്പിക്കുമായിരുന്നില്ല.ചാടിക്കേറി ചുറ്റിപ്പിണഞ്ഞു വളരാനുള്ള സാമര്‍ത്ഥ്യം വള്ളിക്കൊട്ടു ണ്ടായതുമില്ല.നാണം കുണുങ്ങി,ഇല കൂമ്പി അതൊട്ടുകാലം ആ വഴിയോരത്തു തന്നെയായിരുന്നു കിടപ്പ്.കടന്നുപോകുന്നവരുടെയെല്ലാം ആട്ടും തുപ്പും ചവിട്ടും കൊണ്ട്..എങ്ങനെ സഹിക്കുന്നു ആത്മാവിതെല്ലാം?രണ്ടു തവണയും ഭര്‍ത്താവെന്ന എകാധിപതികള്‍ പിന്‍കാലാല്‍ തോഴിച്ചെറിഞ്ഞപ്പോഴും അതിശയിച്ചു;എങ്ങനെ സഹിക്കുന്നു ആത്മാവ് ഈ നിരാസങ്ങളത്രയും?കിടപ്പറയില്‍ വിദഗ്ധയല്ലാത്തതായിരുന്നു കുറ്റം.ആ മുഖങ്ങള്‍ ശരീരത്തിലേക്ക് ആവേശത്തിന്‍റെ തീക്കട്ടകള്‍ കോരിയിടുന്നതിനു പകരം ഒരിക്കലും നിലക്കാത്ത ദുഃഖത്തിന്‍റെ മഞ്ഞുപെയ്ത്തുകേന്ദ്രമാക്കി .ഒരു മരക്കഷണം പോലെ നിര്‍വികാരയായി .ഇപ്പോള്‍ ആ കണ്ണുകള്‍ ദര്‍ശിച്ച മാത്രയില്‍,ഒരിക്കലും മരമറിയാതെ വളര്‍ന്ന കുഞ്ഞുപ്രേമം വീണ്ടും തല നീട്ടുന്നു.ചുറ്റിപ്പിടിക്കാനാഞ്ഞിട്ടും ദൂരേന്ന് മരത്തെ നോക്കിയിരിക്കാനേ വിധിയുണ്ടായുള്ളൂ.”മനസ്സിലായോ എന്നെ?പണ്ട് കോളേജ്‌മാഗസിനിലേ ക്ക് എഴുതിയ കഥ വായിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.”

“ഏതു കോളേജീന്ന്?”മറവിയുടെ ആ ചവര്‍പ്പുമണം അവരെ നൊമ്പരപ്പെടുത്തി.എന്നാലും സായാഹ്നത്തില്‍ കിട്ടിയ ഈ അവസരം നഷ്ട്ടപ്പെടുത്തിക്കൂടാ.”ഓര്‍മയില്ലേ,കുട്ടികള്‍ ജയില്‍കോളെജെന്നാണ് വിളിച്ചിരുന്നത്‌.ഇനിയും എഴുതണം എന്നൊരു മധുരവാക്ക് എഴുതിത്തന്നിരുന്നു.”ആ –നീണ്ട ഒരു കോട്ടുവായിലൂടെ അയാള്‍ പ്രതികരിച്ചു.വായില്‍ അവിടവിടെയായേ പല്ലുള്ളൂ.കണ്ടുമുട്ടാന്‍ പറ്റിയ പ്രായം തന്നെ.പുച്ഛം അവരുടെയുള്ളില്‍ തുപ്പല്‍ തെറിപ്പിച്ചു.”സാറ് മലയാളമല്ലേ പഠിപ്പിച്ചിരുന്നത്?കോളേജില്‍ നിന്ന് പോയതില്‍ പിന്നെ സ്കൂളിലാണ് കിട്ടിയതെന്ന് ഓര്‍ക്കുന്നു.ഭാര്യ ഇപ്പൊ എന്ത് ചെയ്യുന്നു?”

മലവെള്ളപ്പാച്ചില്‍ പോലുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ ആടിയുലഞ്ഞു പിന്നെയും പിന്നെയും മറവിയുടെ മഞ്ഞുകൊട്ടാരത്തിലേക്ക് നൂണ്ടു.ഒടുക്കം പതുക്കെ പറഞ്ഞു;”ഇങ്ങള് വേറാരോന്നു കരുതീട്ടാ ഇന്നോട് വര്‍ത്താനം പറയണ്.”

“ആ ഭാണ്ഡത്തിലെന്താ?”അത് ശ്രദ്ധിക്കാതെ അവര്‍ ചോദിച്ചു.അയാള്‍ പതുക്കെ അതഴിച്ചു.നേര്‍ത്തുനീണ്ട മനോഹരമായിരുന്ന വിരലുകള്‍ വൈരൂപ്യത്തോടെ വിറച്ചു.ഓര്‍മയുടെ പോടി പിടിച്ച ചില്ലുകള്‍ പൊട്ടിയും പോടിഞ്ഞും താഴെ വീണു.നല്ല കാലത്തെ കല്യാണചിത്രം.ആ ഫോട്ടോയൊന്നും വേണ്ടി വന്നില്ല തനിക്ക് തിരിച്ചറിയാന്‍.അവര്‍ ദീര്‍ഘമായി നിശ്വസിച്ചു.കുറെ നല്ല പുസ്തകങ്ങള്‍,മക്കളുടെ മങ്ങിത്തുടങ്ങിയ കളര്‍ഫോട്ടോ...”അവര്‍ വലുതായതിന്‍റെ ചിത്രമൊന്നുമില്ലേ?”ചിരപരിചിതയായി തന്‍റെ ജീവിതത്തിലേക്കൊരു കിളിവാതിലും വച്ചിരിക്കുന്ന ആ അപരിചിതയെ അയാള്‍ പകപ്പോടെ വീണ്ടും വീണ്ടും നോക്കി.”ഇനീപ്പോ എത്ര ഫോട്ടോ ഉണ്ടായിട്ടെന്താ?മനസ്സീന്നു നിറം വാര്‍ന്നു മാഞ്ഞുപോവാ എല്ലാരും.ഓര്‍ക്കാനിഷ്ടപ്പെടാത്തവരൊക്കെയും..വെളുത്ത ഒരു തിരശ്ശീല മാത്രം മനസ്സിലങ്ങനെ ഇളകുന്നു.ഒരു കറുത്ത വര പോലുമില്ലാതെ..”ആ പൊട്ടുചില്ലുകള്‍ക്കിടയില്‍ ഒരു തരിയെങ്കിലും തന്നെ ഓര്‍മിപ്പിക്കുന്നതായെങ്കിലെന്നു അവരാഗ്രഹിച്ചുപോയി.ഒരിക്കലും അടയാളപ്പെടുത്തപ്പെടാതെ പോയ വിളര്‍ത്ത ജീവിതത്തിന് സന്തോഷിക്കാന്‍ അതില്‍ പരമെന്തു വേണം?സാര്‍ഥമായി ജന്മം എന്ന് ഹര്‍ഷത്തോടെ  വിളിച്ചു കൂവാന്‍..ഈ ഭൂമിയിലാരുടെയും ഓര്‍മയില്‍ താനെന്നൊരു പെന്‍സില്‍ രേഖ ബാക്കിയാവാതിരുന്നതെന്തേ?ഭാണ്ഡം വീണ്ടും മുറുക്കിക്കെട്ടുമ്പോള്‍ അവരുടെ കവിളില്‍ കണ്ണീര്‍കണങ്ങള്‍ മുട്ടിയുരുമ്മി.അപ്പോഴതാ അവരെ വിസ്മയിപ്പിച്ചു കൊണ്ട് മറ്റൊരു തുണി സഞ്ചിയില്‍ ആ കോളേജ്മാഗസിന്‍!അച്ചടിമഷി പുരണ്ട തന്‍റെ ആദ്യ സൃഷ്ടി അതില്‍ പൊടി പിടിച്ചു വൈകല്യം ബാധിച്ചു കിടപ്പുണ്ടാവും.പോകാനായി എഴുന്നേറ്റ അയാളെ തടുത്തുകൊണ്ട് അവളാ പുസ്തകം വലിച്ചെടുത്ത് ധൃതിയോടെ പേജുകള്‍ മറിച്ചു.അതാ!സന്തോഷം കൊണ്ട് അവര്‍ക്ക് കൂക്കി വിളിക്കണമെന്ന് തോന്നി.ആ പേജ് ചുവന്ന മഷിയാല്‍ കോളം വരക്കപ്പെട്ടിരുന്നു.നല്ല പ്രയോഗങ്ങളെല്ലാം അടിവരയാല്‍ അലങ്കരിക്കപ്പെട്ടിരുന്നു.പ്രതിഭയുടെ കനലാട്ടമുണ്ട്,ശ്രമിച്ചാല്‍ ഉയരാം എന്നൊരു കുറിപ്പ് എഴുതി ചേര്‍ക്കപ്പെട്ടിരുന്നു.മൂര്‍ച്ച വറ്റിത്തുടങ്ങിയ കണ്ണുകള്‍ പിന്നെയും തിരഞ്ഞു,പ്രാര്‍ഥനയോടെ..സ്നേഹിച്ചിരുന്നു ഞാനാ മൃദുലരൂപത്തെ എന്നോ മറ്റോ..ഇല്ല ഒരിടത്തുമില്ല.വെറുമൊരു ഉള്ളിത്തോല്‍..കീറിപ്പോയ മുള്ളില്‍ കുടുങ്ങിയ വെറുമൊരു പട്ടം..കാട്ടുമുള്ളല്ലാതെ മറ്റൊന്നും സഹവാസത്തിനുണ്ടാവില്ല.അവളാ പേജ് അയാളുടെ നേരെ പിടിച്ചു.”ഇതോ,”ശുഷ്ക്കിച്ച കണ്ണുകളാല്‍ അയാള്‍ പരതി.കവിതകളും കഥകളും കുറുകിയിരുന്ന കണ്ണുകള്‍ പീള കെട്ടി കോലം കെട്ടുപോയി.”ഇതോ ,പണ്ട് പഠിപ്പിച്ചിരുന്ന ഒരു കോളേജിലെ കുട്ടിയാ.ഇഷ്ടായിരുന്നു,ഒരിക്കലും നിറവേറാത്ത ഇഷ്ടങ്ങളുടെ ഒരു പ്രേതാലയമാ മനസ്സ്..”ഉറക്കെ കരയണമെന്നും അയാളെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കണമെന്നും അവര്‍ തീവ്രമായി ആഗ്രഹിച്ചു.ചുളുങ്ങി തൂങ്ങിയാടുന്ന തൊലി,അവിടവിടെ ബാക്കിയായ പല്ലിന്‍കുറ്റികള്‍..ആളുകള്‍ക്ക് ഇത്ര നല്ലൊരു കാഴ്ച വേറെയുണ്ടാവില്ല..എന്നാലും..ഒരു പാട് വൈകി കിട്ടിയ ആ മധുരം എന്ത് ചെയ്യേണ്ടൂ എന്നറിയാതെ അവര്‍ വിതുമ്പി..എത്ര മേല്‍ മാറുമായിരുന്നു ഈ യാത്ര,അന്നാ തരു ഈ ലതയെ ചുറ്റിപ്പിടിച്ചിരുന്നെങ്കില്‍..മനസ്സിലെ തല്ലിക്കെടുത്തിയ ഉറവകളത്രയും കളകളാ ശബ്ദത്തോടെ നൃത്തം വച്ചേനെ..നിശബ്ദമാക്കപ്പെട്ട വാക്കുകളൊക്കെയും നിലവിളിച്ചും ചിരിച്ചും ഓടിയെത്തിയേനെ..മുമ്പ്‌ ശരീരം പങ്കുവെച്ച കല്‍മുഖങ്ങള്‍ അവളെ ഓര്‍മകളുടെ അമ്മിക്കല്ലാല്‍ പ്രഹരിച്ചു.മതി,അയാളെഴുന്നേല്‍ക്കവേ  അവര്‍ പറഞ്ഞു.”വഴിയോരത്ത്‌ പുഴുവരിക്കോളം ഇരുന്നാലും എനിക്കിനി പരാതിയില്ല.ജീവിതം ആദ്യമായി ഒരു ഹലുവാക്കഷ്ണം തന്നിരിക്കുന്നു.എത്ര വായിലിട്ടാലും മധുരം തീരാത്തത്.പോവാതിരുന്നൂടെ?ഇനിയെങ്കിലും നമുക്കൊരുമിച്ച് വഴിയോരക്കാഴ്ചകള്‍ കണ്ടിരിക്കാം.”കോര്‍ക്കപ്പെട്ട അവരുടെ വിരലുകള്‍ പതുക്കെ അഴിച്ചു മാറ്റി അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.”ഒരിക്കലെങ്കിലും,ഈ യാത്രയില്‍ വാടിക്കൊഴിയും മുമ്പേ അവളെ കണ്ടെത്തുമെന്ന് മനസ്സ് പറയുന്നു.ചിലപ്പോ വലിയൊരു വീട്ടിലാവും.വെള്ളം കുടിക്കാനോ മറ്റോ ചെല്ലുമ്പോ ഒന്ന് കാണാലോ ജനലിലൂടെ...അവള്‍ക്ക് ആര്‍ത്തു കരയണമെന്നു തോന്നി.”അത് ഞാനാണ്”-വാക്കുകള്‍ തൊണ്ടയില്‍ നിന്ന് നുരുമ്പിച്ചുവീണു,ചടച്ച ആ പേക്കോലത്തെ അയാള്‍ ഒട്ടിട നോക്കി.വെളുത്ത തിരശ്ശീല പിന്നെയും അയാളുടെ മനസ്സില്‍ ഇളകിയിരിക്കണം.പിറുപിറുത്തുകൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു:”ഛെ,ഇതെങ്ങനെ അവളാവും?ഇതേതോ കറുത്ത അണ്ണാച്ചി.വെളുത്തിട്ടായിരുന്നല്ലോ അവള്‍,വെളുത്ത് റോസ് നിറത്തില്‍..  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ