Pages

2012, ഏപ്രിൽ 24, ചൊവ്വാഴ്ച


സൈറ

“ഞാനൊരുപ്രവാചകിയായിരുന്നേല്‍പ്രണയത്തെക്കുറിച്ചാവുംഏറെപറയുക.വിലക്കുകളില്ലാത്ത പ്രണയമാവും എന്‍റെ മതം.മതിലുകളില്ലാത്ത സ്നേഹം അപ്പൂപ്പന്‍താടികളായി നിര്‍ഭയം പറന്നു നടക്കും .ഇഷ്ടമുള്ളവരിലേക്ക് ലയിക്കാനായി..ഇരുളില്‍ ഏകാന്തതയുടെ മടിയിലിരുന്ന് ദൈവത്തെ പ്രാര്‍ഥിക്കാനാവും ഞാന്‍ കല്പിക്കുക,ദൈവത്തിന്‍റെ മുന്നില്‍ ഒരാളെന്നും നഗ്നനാണല്ലോ..............”

“ഓ,സൈരാ,ഒന്ന്പതുക്കെപറ,വല്ലോരുംകേട്ടാഅത് മതി മറ്റൊരുപ്രശ്നത്തിന്.അല്ലെങ്കിത്തന്നെനിന്‍റെപുസ്തകമുണ്ടാക്കിയപുകില്തന്നെകെട്ടിട്ടില്ല.നിനക്കൊരുപെടിയുമില്ലേ?ഇപ്പത്തന്നെനിയന്ത്രണങ്ങള്‍ഇല്ലാതെയല്ലേനമ്മുടെക്യാമ്പസ്സുകള്‍പ്രണയംആഘോഷിക്കുന്നത്.തികച്ചും അപ്പൂപ്പന്‍താടികളായി ഇഷ്ടമുള്ളവരെ പ്രാപിച്ച്,മടുക്കുമ്പോള്‍ ഉപേക്ഷിച്ച്..നിന്‍റെ കാര്യം തന്നെ മറന്നോ?”

“അതല്ല”-ക്ഷോഭത്താല്‍ വാക്കുകള്‍ അവളുടെ തൊണ്ടക്കുരുക്കില്‍ കുടുങ്ങി ശ്വാസം മുട്ടി.വാക്കുകള്‍ മൂര്‍ച്ചയുള്ള വായ്ത്തലകളായി മിന്നി.”ആത്മാവില്‍ തൊടുന്ന പ്രണയം ,അങ്ങനൊരാള്‍ ഓരോരുത്തര്‍ക്കും പലതുണ്ടാവില്ല.കണ്ടെത്തുക-അതാണ്‌ പ്രയാസം.തേടിത്തേടി ആ വൃക്ഷത്തെ തൊട്ടുകഴിഞ്ഞാല്‍ സ്നേഹവള്ളി അതില്‍ പറ്റിപ്പിടിക്കും,തഴച്ചുവളരും........”അവള്‍ തന്‍റെ ചലനരഹിതമായ വലം കൈ ഒരു വടിയെന്നോണം മേശയിലേക്ക് നീക്കി വെച്ചു.വിശ്രമമില്ലാതെ എഴുതിക്കൊണ്ടിരുന്ന ആ നേര്‍ത്ത വിരലുകള്‍..ക്യാന്‍വാസില്‍ വിടര്‍ന്നിരുന്ന  ദുരൂഹമായ ചിത്രങ്ങള്‍..

“നല്ലതാ,ആ ബലാലിന്‍റെ മേല് തളര്‍ന്നത്‌.നമ്മളെ മുത്തുനബീനേം പടച്ചോനിം കുറ്റം പറയാനല്ലേ ഓളെ എയ്ത്ത്.ഇദ്ധേം ത്വലാക്കും പരിഷ്കരിക്കണന്ന്..പടച്ചോനും ഞമ്മളും വെറ്തെ വിടോ?”മതനേതാക്കള്‍ ചാനലുകളിലും പത്രങ്ങളിലും ക്ഷോഭം ചീറ്റിത്തെറിപ്പിച്ചു.

അജിത്തിനെ സൈറ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവുമോ?പണ്ട്-അല്ലിയാമ്പല്‍ എന്ന പാട്ട് കേള്‍ക്കുമ്പോഴേക്കും കണ്ണ് നിറച്ചിരുന്നു അവള്‍.ഒരുപാട് ചോദിച്ചിട്ടാണ് മുളയിലേ കൂമ്പടഞ്ഞു പോയ ആ പ്രണയകഥ അവള്‍ പുറത്തെടുത്തത്.”മതവും ജാതിയുമൊന്നും സൈരാ നിനക്ക് പ്രശ്നമാവില്ല,നീ റെബലല്ലേ.എനിക്ക് എന്‍റെ വീട് റിലേഷന്‍സ്‌ ഒക്കെ നോക്കണം.അവരെയൊക്കെ വേദനിപ്പിച്ച് ഒരു ബന്ധം,അത് ശരിയാവില്ല സൈരാ...”

“ഒരിക്കല്‍ പോലും ഒന്ന് ഉമ്മ വെക്കാത്ത മോളെയെന്നു വെറുതെയെങ്കിലും ഒന്ന് വിളിക്കാത്ത കണിശക്കാരിയും തിരക്കുള്ളവളുമായ ഒരു മമ്മി തന്നെയാവില്ലേ  അവന്‍റെതും.ഈ സിനിമയില്‍ കാണുന്ന മിണ്ടിയാല്‍ കരയുന്ന എണ്ണയൊലിപ്പ്പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മേം ഭര്‍ത്താവുമൊക്കെ നടപ്പുള്ളതാണോ?ചവിട്ടിയരച്ചതാ അവന്‍ കരുതിക്കൂട്ടി.മുഷിഞ്ഞു നാറിയ വെറും പേപ്പറാണോ എന്‍റെ സ്നേഹം ഇങ്ങനെ പിച്ചിച്ചീന്തി എറിയാന്‍?വിമ്മിക്കരയുന്ന അവളെ അന്ന് ആശ്വസിപ്പിക്കാന്‍ ഏറെ പണിപ്പെട്ടു.”ടീച്ചര്‍ ശരിക്കും എന്‍റെ ആരോ ആണ്.മുജ്ജന്മത്തിലെന്നോ കണ്ടുമുട്ടിയവരാ നമ്മള്.അതല്ലേ നമ്മള്‍ ഇത്രേം അടുപ്പം.ഇതിനെയും നമ്മുടെ ക്യാമ്പസ്സില്‍ വളച്ചൊടിച്ചു പറയുന്നുണ്ട്””പറയട്ടെ സൈരാ,മനുഷ്യര്‍ക്ക്‌ പുഴുക്കുത്ത് കാണാനാ ഏറെ ഇഷ്ടം.വിരിഞ്ഞു നില്‍ക്കുന്ന മൃദുവായ ഇതളുകളിലും അവര്‍ കറുത്ത പുള്ളികള്‍ തിരഞ്ഞു കൊണ്ടിരിക്കും.”സൈറയുടെ  തൊണ്ടയിലും കവിളിലും വീര്‍ത്തുന്തി നില്‍ക്കുന്ന മാംസക്കൂനയിലേക്ക് നോക്കുമ്പോഴെല്ലാം കണ്ണ് കടയുന്നു.ശബ്ദം നേര്‍ത്തുതുടങ്ങി.ക്രമേണ അതില്ലാതാവും.അവള്‍ ഇതളില്ലാതെ വാടിയ ചിരി ചിരിച്ചു.വ്രണം പഴുത്ത് ചിലര്‍ക്ക് പുഴു വരുമത്രെ.ഇരുപതോളം റേഡിയേഷന്‍,അടുപ്പില്‍ ചുട്ടു വെന്ത പോലെ കരിക്കട്ടയായകഴുത്ത്.”എന്നാലുംസൈരാഫോണ്‍ചെയ്യുമ്പോഴൊന്നുംഅസുഖകാര്യങ്ങളൊന്നും നീ പറഞ്ഞില്ലല്ലോ.നിന്‍റെ വീട് കുറെ ഗുണ്ടകള്‍ ആക്രമിച്ചെന്നും തകര്‍ത്തെന്നുമൊക്കെ ടി വിയില്‍ ന്യുസുണ്ടായിരുന്നു.അന്ന് തുടങ്ങിയ പുറപ്പാടാ നിന്‍റെ അടുത്തേക്ക്‌..എന്തിനാ കുട്ടീഈചുവന്നകലാപവഴിതിരഞ്ഞെടുത്തത്‌?എല്ലാവരെയുംപോലെകുടുംബായി,കുട്ടികളായി സുഖമായി താമസിക്കായിരുന്നില്ലേ?പണത്തിനു പണ്ടും മുട്ടുള്ളവളല്ലല്ലോ.”

അവള്‍ ചിരിച്ചു.ചിരി ഏങ്കോണിച്ച് വീര്‍ത്ത കവിളില്‍ ഒരു ചുളിവായി ബാക്കി കിടന്നു.പുച്ഛം-എല്ലാറ്റിനെയും കരിച്ചു കളയുന്ന കൂര്‍ത്ത പരിഹാസം..ഈ ചെറുപ്രായത്തില്‍ തന്നെ എന്തിനാ ഈ കുട്ടീടെ തലയിലേക്ക് നീയൊരു നേരിപ്പോടിട്ടത് ഈശ്വരാ?

“അത് കള ടീച്ചറേ,കുടുംബം ,ബന്ധം –ഹിപ്പോക്രസിയാ,ഫുള്‍ കാപട്യം.ഈ കണ്ട കാലമൊക്കെ ഞാനന്വേഷിച്ചത് അത് തന്നെയാ,കറ കളഞ്ഞ സ്നേഹം.കുറച്ചെന്‍റെ ടീച്ചര്‍ തന്നു.പിന്നെ ആരും ഈ പാത്രത്തിലേക്ക് ആ തെളിഞ്ഞ വെള്ളമൊഴിച്ചിട്ടില്ല.സൈരയെ വേണമായിരുന്നു പലര്‍ക്കും,സാഹിത്യകാരന്മാര്‍,സമുദായനേതാക്കള്‍ അങ്ങനെ പലരും ഏങ്കോണിച്ച ചിരിയുമായി പിന്നാലെ വന്നതാ..ചിരിക്ക് പിന്നിലെ കറുപ്പ് കാണാന്‍ സൈരക്ക് പണ്ടേ മിടുക്കാ.മമ്മീടെ ചരി,ഡാഡീടെ ചിരി ,മാമന്‍റെ ചിരി,ആ വീടാകെ കറുത്ത ചിരികളായിരുന്നു.കറുത്ത ചിരി!ഹ ഹ ഹ............”ശബ്ദം നൂലുകളായി ഒരു തേങ്ങല്‍ മാത്രമായി.”മതി സൈരാ നിര്‍ത്ത്.ജോലീം പാടുമൊക്കെ ഒരരുക്കാക്കി നിന്‍റെ കൂടെ കുറച്ചു കാലം നില്‍ക്കാനാ ഞാന്‍ വന്നത്.കൈ മുടങ്ങിയത് മുതല്‍ നീ എഴുതാതെ വച്ചതെല്ലാംനമുക്ക്എരിച്ചെടുക്കണം.അതില്‍വെന്തെരിയുംപലരുംപലതും..ഇളകിത്തുള്ളി വരും,എന്നാലും വേണ്ടില്ല,എന്‍റെ തീവിഴുങ്ങിപ്പക്ഷീ ആ കനലിലേ നിനക്ക് ജീവനുള്ളൂ.”മയക്കുഗുളികയുടെ മാന്ത്രികക്കൈകള്‍ സൈറയുടെ കണ്ണുകളെ പതുക്കെ അടച്ചു.മെലിഞ്ഞു വരുന്ന ആ ശ്വാസത്തിലേക്ക് ഉറ്റു നോക്കെ ടീച്ചറുടെ തൊണ്ടയില്‍ നിന്ന് സങ്കടം തീച്ചിറകുകളായ് ഉയര്‍ന്നു-“സൈരാ കണ്ണ് തുറക്ക് സൈരാ “

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ