Pages

2018, മാർച്ച് 10, ശനിയാഴ്‌ച

വ്യര്‍ത്ഥജന്മങ്ങള്‍ ..[കഥ]
ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ കിനാവാണ് വെറും ശവമായി തോളില്‍ കിടക്കുന്നത്. നേര്‍ച്ചകളും വഴിപാടുകളും നടത്തി , അനവധി കൊല്ലങ്ങള്‍ക്ക് ശേഷം അവനുണ്ടായപ്പോള്‍ എത്ര സന്തോഷമായിരുന്നു. ഞങ്ങളുടെ ചെറുജീവിതത്തിലേക്ക് പ്രകാശം പരത്താന്‍ വന്നവന്‍ ഇതാ ഒന്നും മിണ്ടാതെ ,കണ്ണടച്ച് ...ബോധമില്ലാതെ കിടന്ന രണ്ടു ദിവസം അവന്‍ എന്തെല്ലാം പറയാന്‍ ആശിച്ചിരിക്കണം..ഒരു നിമിഷം ഞങ്ങളെ വിട്ടു മാറാതിരുന്ന കുട്ടി..അടുത്ത ജൂണില്‍ ഒന്നാം ക്ലാസില്‍ ഇരിക്കേണ്ടിയിരുന്നവന്‍..നടന്നു നടന്ന് ഞങ്ങള്‍ തളര്‍ന്നു. ഒരു നാരങ്ങാവെള്ളം കുടിക്കാന്‍ പോലും കയ്യില്‍ പണമില്ല. കാക്കാശില്ലാത്തവന് ആരാണ് കടം തരിക? ചേരിയില്‍ പാര്‍ക്കുന്നവനെ ആരാണ് ഗൌനിക്കുക?

മൂന്നു കിലോമീറ്റര്‍ അകലെയാണ് ഞങ്ങളുടെ വൃദ്ധയായ ഗ്രാമം. തലച്ചോര്‍ വീങ്ങി എഴുപതോളം കുട്ടികള്‍ ഒന്നിച്ചു മരിച്ചതിന്‍റെ ബഹളമായിരുന്നു ആശുപത്രിയില്‍. ഡിസ്ചാര്‍ജ് കിട്ടാന്‍ തന്നെ കുറെ കഷ്ടപ്പെട്ടു, കയ്യിലെ പണമെല്ലാം അവിടെയുള്ള പല പല വിഗ്രഹങ്ങള്‍ കൊണ്ടു പോയി. ശവം ഒരു റിക്ഷയില്‍ കൊണ്ടു പോകാന്‍ പോലും പാങ്ങില്ലാതായി..
അവള്‍ തളര്‍ന്നു വീഴുമെന്നു തോന്നിയപ്പോള്‍ ഞങ്ങള്‍ ഒരു മരത്തണലില്‍ ഇരുന്നു. നിരത്തില്‍ ധൃതി പിടിച്ചോടുന്ന വണ്ടികള്‍, മനുഷ്യര്‍ ..ആര്‍ക്കും ഒന്നു തിരിഞ്ഞു നില്‍ക്കാന്‍ പോലും സമയമില്ല..അപ്പോള്‍ ഒരു പോലീസുകാരന്‍ അടുത്തെത്തി , തുളഞ്ഞു കയറുന്ന നോട്ടത്തോടെ അയാള്‍ മുരണ്ടു –“എന്താ തോളില്‍?”
“ശവം..”- നിര്‍വികാരമായ അക്ഷരങ്ങള്‍ മണ്ണില്‍ വീണു ചിതറി..പൊടുന്നനെ അയാളൊരു സിംഹമായി ഗര്‍ജിച്ചു –“സത്യം പറയെടാ റാസ്കല്‍, ആരെ കൊന്നിട്ടാ നിന്‍റെയൊക്കെ വരവ്? നാടോടിക്കോലം കണ്ടപ്പഴേ മനസ്സിലായി..”
ഡിസ്ചാര്‍ജ് ലെറ്റര്‍ അയാളുടെ അണ്ണാക്കിലേക്ക് തിരുകാനുള്ള ആഗ്രഹമുണ്ടായി. നിസ്സംഗം അതൊന്നോടിച്ചു നോക്കി അയാള്‍ വീണ്ടും മുരണ്ടു –“ഇതൊക്കെ നിങ്ങടെ സ്ഥിരം നമ്പരല്ലേ? സത്യം പറയെടാ , ഈ ശവം നീ എവിടെ തള്ളാനായിരുന്നു പ്ലാന്‍? ഭയന്നുവിറച്ച് ഭാര്യ നിലവിളിക്കാന്‍ തുടങ്ങി- “സാറേ , ഞങ്ങളുടെ ഒരേയൊരു മകനാണിവന്‍, ഇന്നലെ രാത്രി മരിച്ചു, കയ്യില്‍ കാശില്ലാത്തോണ്ടാ ചുമന്നു വരുന്നത്..”

നിലവിളി കേട്ടിട്ടാവും ആളുകള്‍ തേനീച്ചകളായി ഞങ്ങളെ പൊതിഞ്ഞു..മുടി നീട്ടിയ ചെറുക്കന്മാര്‍ രംഗങ്ങള്‍ ലൈവായി ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങി..ഭാര്യ അപ്പോഴേക്ക് ബോധം കെട്ടു വീണു..രാവിലെത്തന്നെ നല്ലൊരു നാടകം കാണാന്‍ ഒത്തതിന്‍റെ സന്തോഷം ആളുകള്‍ക്കുണ്ടായി.. ഒരു വൃദ്ധന്‍ പോലീസുകാരന്‍റെ അടുത്തേക്ക് തിക്കിത്തിരക്കിയെത്തി വിവരങ്ങള്‍ അന്വേഷിച്ചു- “ഡിസ്ചാര്‍ജ് ലെറ്റര്‍ കണ്ടിട്ടും നിങ്ങള്‍ എന്തിനാണ് ഈ പാവങ്ങളെ പിടിച്ചു വച്ചിരിക്കുന്നത്? ആരുമില്ലാത്തവരെ വലയ്ക്കാനാണോ നിങ്ങളെ നിയമിച്ചിരിക്കുന്നത് ..ഇതിന് എവിടെ പരാതിപ്പെടണമെന്ന് എനിക്കറിയാം ..”
പോലീസ് വലിഞ്ഞു മുറുകിയ മുഖത്തോടെ നിന്നു. വൃദ്ധന്‍ കടയില്‍ നിന്ന് ചായയും പലഹാരവുമായി എത്തി.വെള്ളം തളിച്ച് ഭാര്യയെ ഉണര്‍ത്തി..ചുറ്റും പൊതിഞ്ഞ ആള്‍ക്കൂട്ടത്തോട് അയാള്‍ അലറി – “എന്ത് കാണാനാണ് നിങ്ങള്‍ നില്‍ക്കുന്നത് ദുഷ്ടന്മാരെ, ഈ സ്ത്രീ മരിക്കുന്നതോ? നിങ്ങളൊക്കെ മനുഷ്യരാണോ?”

ദൈവദൂതനെപ്പോലെ വന്നെത്തിയ അയാള്‍ കാരണം തൊണ്ട നനക്കാന്‍ സാധിച്ചു. അയാള്‍ തന്ന പണം കൊണ്ട് ഓട്ടോറിക്ഷയില്‍  ഗ്രാമത്തിലെത്തി. നാല് കാലില്‍ ഷീറ്റ് വലിച്ചു കെട്ടിയ കുടിലില്‍ ഒടുവില്‍ അവനെ ഇറക്കി വച്ചു. എന്‍റെ കൈകള്‍ കടഞ്ഞു പൊട്ടാറായിരുന്നു. ഇത്ര വലുതായതിനു ശേഷം അവനെ ഇത്ര നേരമൊന്നും എടുക്കേണ്ടി വന്നിട്ടില്ലല്ലോ..ഭാര്യ അവന്‍റെ മുഖം ചുംബിച്ചു കൊണ്ട് വീണ്ടും അലമുറയിടാന്‍ തുടങ്ങി. ഒരു തുണ്ട് മുറ്റം പോലുമില്ല.. ഞങ്ങള്‍ എന്നും ഉറങ്ങുന്ന, ഞാഞ്ഞൂള്‍ പുറ്റ് കൂട്ടിയ നിലത്ത് അവനുള്ള കുഴിവീട് തയ്യാറായി..മണ്ണു നികത്തി അതിനു മീതേ ഞാന്‍ കമഴ്ന്നു വീണു. അത് വരെ പെയ്യാന്‍ മടിച്ചിരുന്ന കണ്ണീരത്രയും ഇളകിയ മണ്ണിനെ കുതിര്‍ത്തു..

ആശുപത്രിയിലെ ടി വിയില്‍ കണ്ട ഒരു വാര്‍ത്ത ഒരു ചുറ്റികയായി എന്‍റെ തലയ്ക്കടിച്ചു കൊണ്ടിരുന്നു –അറുപത് കോടി രൂപ ചിലവഴിച്ച് പ്രധാന പുരാണ കഥാപാത്രങ്ങളുടെ പ്രതിമകള്‍ തലസ്ഥാനനഗരിയില്‍ ഉയരാന്‍ പോകുന്നു. വെണ്ണക്കല്ലില്‍ തീര്‍ക്കപ്പെടുന്ന വിഗ്രഹങ്ങള്‍ നാടിന്‍റെ ഐക്യത്തിനും സുസ്ഥിരതയ്ക്കും മുതല്‍കൂട്ടാവുമെന്ന് വാര്‍ത്ത വായിക്കുന്ന സ്ത്രീ പുലമ്പിക്കൊണ്ടിരുന്നു..ദാരിദ്ര്യം ചവച്ചു തുപ്പിയ മനുഷ്യര്‍ പുഴുക്കളെപ്പോലെ നുരയ്ക്കുന്ന ഞങ്ങളുടെ ചേരിയില്‍ നിന്ന് പൊടുന്നനെ ഞങ്ങളെല്ലാം ആട്ടിയോടിക്കപ്പെടുന്നതും രാജാവിന്‍റെ മുഴുത്തൊരു പ്രതിമ ശരവേഗത്തില്‍ അവിടെ ഉയരുന്നതുമായ ഒരുമായക്കാഴ്ച എന്‍റെ ചെന്നിയിലേക്ക് ഭീകരമായ ഒരു വേദനയെ എറിഞ്ഞു..മോനെ മോനെ എന്നാര്‍ത്തു കൊണ്ട് ഞാന്‍ മണ്ണില്‍ തലയിട്ടടിച്ചു ..
ശരീഫ മണ്ണിശ്ശേരി -

1 അഭിപ്രായം:

  1. ഹൃദയസ്പർശിയായ കഥയും ഒപ്പം സാമൂഹ്യ വിമർശവും.തൂലികയുടെ ശക്തിയാണ് ഇനിയുള്ള കാലഘട്ടത്തിൻറെ പുത്തൻ ആയുധം.ആ ആയുധം എടുത്തു പ്രയോഗിക്കാൻ കഴിവുള്ളവനും പൈങ്കിളികളെ തേടിപോകുന്നകാലം. ശരീഫയുടെ ആയുധം ശത്രുവിൻറെ മാറു പിളർക്കാനുള്ള ശക്തിയുള്ളതു തന്നെ.

    മറുപടിഇല്ലാതാക്കൂ