Pages

2017, ജനുവരി 21, ശനിയാഴ്‌ച

അറവു കേന്ദ്രം[കഥ]

പിറവിയുടെ നിമിഷം അടുത്തെന്ന് അസഹ്യമായ വേദന അവളെ ഓര്‍മിപ്പിച്ചു. ചുറ്റും ഉയരുന്ന നിലവിളികള്‍ -“ഹമ്മേ ഹാവൂ സഹിക്ക്ണില്ലാലോ..” കര്‍ട്ടനപ്പുറം പേരറിയാത്ത ഏതൊക്കെയോ അപരിചിതകള്‍ , ലേബര്‍ റൂമില്‍ എല്ലാവരും നാണവും മാനവും പണയപ്പെട്ടവര്‍ തന്നെ. നിലവിളിയുടെ രൌദ്രം കൂടിക്കൊണ്ടിരുന്നു .ഭയം ഒരു കടലിരമ്പമായി അവളുടെ തോണ്ടയെ ഞെരിച്ചു.. കണ്ണുകള്‍ ചുവന്നു കലങ്ങി പെയ്യാന്‍ തുടങ്ങി .അപ്പുറത്ത് നിന്ന് നഴ്സിന്‍റെ ആക്രോശം അവളില്‍ ഉണ്ടായിരുന്ന ധൈര്യത്തെ കൂടി വലിച്ചെറിഞ്ഞു- “ഒന്നു അടങ്ങിക്കിടക്കെന്‍റെ ചേച്ചീ ,വേദന ഒരു തരി സഹിക്കാന്‍ വയ്യെങ്കില്‍ ഇപ്പണിക്ക് നിക്കണായിരുന്നോ?”- അശ്ലീലച്ചിരി കിലുങ്ങി വീണത് ആ   സ്ത്രീയുടെ  വിലാപത്തില്‍ മുങ്ങിപ്പൊങ്ങി..പേരറിയാത്ത ഒരു കുറ്റബോധം അവളെയും ചുറ്റിപ്പൊതിഞ്ഞു..നഴ്സ് അവളുടെ കാലുകള്‍ അകത്തി ഗ്ലൌസ് ഇട്ട കൈ അവളുടെ ഉള്ളിലേക്ക് കടത്തി മറ്റൊരു കുട്ട വേദന കൂടി അവളുടെ മേലേക്ക് ചൊരിഞ്ഞു..ലജ്ജ വലിച്ചെറിഞ്ഞു ഇവരുടെ മുന്നില്‍ വേദന സഹിച്ചുള്ള ഈ കിടപ്പിന് മണിക്കൂറുകളുടെ ദൈര്‍ഖ്യമായിത്തുടങ്ങി..അലിവും സ്നേഹവുമുള്ള ആരുടെയെങ്കിലും കരസ്പര്‍ശം സാരമില്ല എന്ന് പറയാനുണ്ടായിരുന്നെങ്കില്‍..ഡോക്ടറുടെ ചിലമ്പിച്ച ശബ്ദം അടുത്തെത്തി..ഓപ്പറേഷന്‍ എന്ന വാക്ക് ഒരു കല്ലായി കാതില്‍ പതിച്ചു ..

“ചെരിഞ്ഞു കിടക്കൂ “- സിറിഞ്ചുമായി അനസ്ത്യേഷിസ്റ്റ് ആവശ്യപ്പെട്ടു..”നീയെന്താ ഫോണ്‍ എടുക്കാതിരുന്നത് ഇന്നലെ?”- അടുത്തുള്ള നഴ്സിനോട് അയാള്‍ പരിഭവിച്ചു ..അവളെ നടു വളച്ച് ചെമ്മീന്‍ പോലെയാക്കി നട്ടെല്ലില്‍ സൂചി കുത്തിക്കയറ്റുമ്പോഴും അയാള്‍ ചൊടിച്ചു കൊണ്ടിരുന്നു –“എത്ര മെസ്സേജ് ഞാനിന്നലെ അയച്ചു , എത്ര വിളിച്ചു ഒന്നിനുമില്ല മറുപടി ..”അര മുതല്‍ താഴോട്ട് മരമാകാന്‍ തുടങ്ങി..അനസ്ത്യേഷ്യ ഡോസ് കൂടി കാലുകള്‍ തളര്‍ന്നു പോയ ഒരു പെണ്ണിനെക്കുറിച്ചുള്ള വാര്‍ത്ത തീനാളമായി ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു..”ഹസുണ്ടായിരുന്നു ചക്കരേ..” നഴ്സ് പതിയെ പറഞ്ഞു..മൂപ്പരുള്ളപ്പോ നീ തന്ന ഫോണ്‍ ഞാന്‍ ഒളിപ്പിച്ചു വെക്കലാ, വലിയ സംശയരോഗമാ..”

പച്ചയില്‍ നിറഞ്ഞ ഡോക്ടറും സഹായിയും ജോലികള്‍ ആരംഭിച്ചു..അവളുടെ വെളുത്ത വയറില്‍ കത്തി ആഴ്ത്തിക്കൊണ്ട് ഡോക്ടര്‍ അസിസ്റ്റന്റിനോട്‌ പറഞ്ഞു –“വെന്‍ ഐ വോസ് കമിംഗ് ഐ സോ ദ ബോര്‍ഡ് കുഴിമന്തി ..ഐ ഹാവിന്റ് ഈറ്റന്‍ ഇറ്റ്‌ , ഈസ്‌ ഇറ്റ്‌ ടേസ്റ്റി? ഹവ് ഈസ് ഇറ്റ്‌ പ്രിപ്പയരിംഗ്? വി മേ ഗോ വന്‍ ഡേയ് ടു എ ഗുഡ് ഹോട്ടല്‍..”

“ഹോട്ടലോന്നും വിശ്വസിക്കാന്‍ കൊള്ളില്ല ഡോക്ടറെ , എന്‍റെ ഉമ്മച്ചിക്ക് അത് നന്നായി ഉണ്ടാക്കാന്‍ അറിയാം. അതിനു ആദ്യം ഒരു കുഴിയടുപ്പ് വേണം..സംഭവാ ..വെരി ഡെലീഷ്യസ്..ഡോക്ടര്‍ ഒരൂസം വീട്ടില്‍ വാ വയറു നിറയെ കുഴിമന്തി തിന്നിട്ടു പോരാലോ..”

നിസ്സഹായതയും ഉത്കണ്ഠയും നിറഞ്ഞ അവളുടെ കണ്ണുകള്‍ ഡോക്ടറെ കൊളുത്തി വലിച്ചു .”.ഹേയ് ദ പേഷ്യന്റ് ഈസ് ലുക്കിംഗ്..”അവര്‍ സഹായിയോടു മന്ത്രിച്ചു .അയാള്‍ നേര്‍ത്തൊരു പരുത്തിത്തുണിയാല്‍ അവളുടെ മുഖം മറച്ചു..”ടെല്‍ മി ഹവ്  ഈസ് ഇറ്റ്‌ മേക്കിംഗ്?ഐ ഓള്‍സോ വാണ്ട് ബിരിയാണി പ്രിപ്പറേഷന്‍ സെര്‍വന്റിനു പറഞ്ഞു കൊടുക്കാനാ..”ഡോക്ടര്‍ അയാളോട് പറഞ്ഞുകൊണ്ടിരുന്നു. “ അത് ശരി അപ്പോള്‍ നളന്‍ ഞാനാണല്ലേ..”സഹായി കുസൃതിയോടെ ചിരിച്ചു..

പ്രാര്‍ഥനകളാല്‍ അവളുടെ മനസ്സ് ചുട്ടു നീറി..തളര്‍ച്ച വരുത്തല്ലേ പടച്ചോനെ, രണ്ടു ചോരകുടിയന്‍ പ്രേതങ്ങളാണ്  തന്നെ കീറി മുറിക്കുന്നതെന്ന് അവള്‍ക്ക് തോന്നി..പടച്ചോനെ പടച്ചോനെ ..നിലവിളി അവളുടെ ഉള്ളില്‍ ചുറ്റിപ്പിണഞ്ഞു..മറയുന്ന ബോധത്തിനിടെ അകലേന്നെവിടുന്നോ അവള്‍ കേട്ടു, “പെണ്‍കുഞ്ഞാണ് കേട്ടോ..”
വേദനയില്‍ പൊതിര്‍ന്ന ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെടുമ്പോള്‍ നാല്പ്പതിനായിരത്തിന്‍റെ ബില്ല് ആരെയും അത്ഭുതപ്പെടുത്തിയില്ല..”പ്രൈവറ്റ് ഹോസ്പിറ്റല്‍ അല്ലേ..”ബന്ധുക്കള്‍ സമാധാനവാക്കുകള്‍ ഉരുവിട്ടു..അസഹ്യമായ വയറുവേദനയുമായാണ് രണ്ടാഴ്ചയ്ക്ക് ശേഷം അതേ ആശുപത്രിയില്‍ അതേ ഡോക്ടറുടെ അടുത്തെത്തിയത്.. തുന്നൊക്കെ ഉണങ്ങുന്നുണ്ടല്ലോ, പിന്നെന്താണ് ..സ്കാനിങ്ങിനു കുറിച്ച്കൊണ്ട് ഡോക്ടര്‍ അസഹ്യതയോടെ ചോദിച്ചു..

റിസള്‍ട്ട് ചോരയില്‍ ചുവന്നു  കിടക്കുന്ന ഒരു ഉണ്ട പഞ്ഞിയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ ഡോക്ടര്‍ പോലും വാ പൊളിച്ചു..വീണ്ടും കീറല്‍ മുറിക്കല്‍ ..ഉണങ്ങിത്തുടങ്ങിയ  മുറിവുകള്‍ വീണ്ടും ചോരയില്‍ ചുവന്നു തുടുത്തു..ഹൊ ഒരു പെണ്ണാവേണ്ടിയിരുന്നില്ല..വേദന അവളെ കശക്കി എറിഞ്ഞുകൊണ്ട് പിറുപിറുത്തു..തലയിണ അവളുടെ കണ്ണുകളാല്‍ കുതിര്‍ന്നു..

മറ്റൊരു ഭീമന്‍ സംഖ്യയുടെ ബില്ല് അവരുടെ കൈകളില്‍ പിറ്റേ ആഴ്ച ഏല്‍പ്പിച്ചുകൊണ്ട് ആശുപത്രി ക്രൂരമായി ചിരിച്ചു..പിന്നെ പതുക്കെ മന്ത്രിച്ചു –“പോയി വരൂ ..”അതേ , ഓരോ പോക്കും ഇങ്ങോട്ടുതന്നെ വരാനുള്ളതാണ്..ബന്ധുക്കളുടെ സഹായത്തോടെ കാറില്‍ കയറുമ്പോള്‍ അവള്‍ വല്ലാതെ ആശ്വാസം കൊണ്ടു..താനിപ്പോഴും നടക്കുന്നുണ്ടല്ലോ , കാലുകള്‍ തളര്‍ന്നിട്ടില്ലല്ലോ..പടച്ചോനെ സ്തുതി ..കുഞ്ഞ് ഒന്നും അറിയാതെ നിദ്രയില്‍ ആരോടോ പുഞ്ചിരിച്ചു ..മാലാഖമാര്‍ ആ കുഞ്ഞുകരങ്ങളെ മൃദുലമായി തഴുകി. ചുണ്ടില്‍ അരുമയായ് ഉമ്മ വച്ചു ......................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ