Pages

2015, ഡിസംബർ 12, ശനിയാഴ്‌ച

പുതുകാലം{കഥ}


 ഇരുപത്താറു കഴിഞ്ഞ അയാള്‍ക്ക്‌ മസ്തിഷ്കമരണം സംഭവിച്ചതും ബന്ധുക്കളുടെ സമ്മതത്തോടെ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു, -“ഇരുപത്താറു വയസ്സുകാരനായ ഹിന്ദു യുവാവിന്‍റെ കിഡ്നി ,കരള്‍ ,ഹൃദയം കണ്ണുകള്‍ തുടങ്ങിയവ ദാനം ചെയ്യുന്നു. ഇവ സ്വീകരിക്കുന്നതിന് യോഗ്യരായ ഹിന്ദുക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു ..ഉയര്‍ന്ന ജാതിക്കാര്‍ക്ക് മുന്‍ഗണന..”

സൂര്യയ്ക്ക് വായിച്ചത് വിശ്വസിക്കാനായില്ല .അയാള്‍ കണ്ണുകള്‍ അമര്‍ത്തി  തിരുമ്മി പിന്നെയും നോക്കി , അപ്പോഴാണ്‌ മറ്റൊരു നോട്ടീസ് –“നാല്‍പ്പതു വയസ്സുള്ള മുസ്ലിം ബിസിനസ്സുകാരന്  കിഡ്നി ആവശ്യമുണ്ട് ..ആകര്‍ഷണീയമായ പ്രതിഫലം നല്‍കുന്നതാണ് ..യോജിപ്പുള്ള മുസ്ലിം കിഡ്നികള്‍ ഉള്ളവര്‍ ഈ ആശുപത്രിയുമായി ബന്ധപ്പെടുക!”
ഒഴിഞ്ഞ മറ്റു കള്ളികളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു മതങ്ങളുടെ അവയവങ്ങളും വന്നു നിറയുമെന്ന് അയാള്‍ ഊഹിച്ചു..അയാള്‍ തന്‍റെ പാര്‍ശ്വങ്ങളിലൂടെ വിരലോടിച്ചു ..അഞ്ചു കൊല്ലം മുമ്പ് ഒരു തമിഴത്തിയില്‍ നിന്ന് സ്വീകരിച്ച പയറുമണി പോലുള്ള ആ അവയവം ,വൈമനസ്യത്തോടെ മരുന്നുസഹായത്തോടെ ഇപ്പോഴും പതുക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു..ഇവിടെ എത്തിയത് തന്നെ നെഫ്രോളജിയിലെ ഫിറോസ്‌ ഡോക്ടറെ കാണാനാണ് ..ഈയിടെയായി ഇടയ്ക്കിടെ പനി വരുന്നു ..ആള്‍ക്കൂട്ടത്തിലേക്കൊന്നും പോവാറില്ല ..”ഇന്‍ഫെക്ഷന്‍ “, “ ഇന്‍ഫെക്ഷന്‍” ഡോക്ടറുടെ മുന്നറിയിപ്പ് ഇടയ്ക്കിടെ കാതില്‍ മുഴങ്ങുന്നു ..കോളേജ് യൂനിയന്‍റെ ചെയര്‍മാനായിരുന്ന , തീപ്പൊരി പ്രസംഗകാനായിരുന്ന  കുട്ടിസഖാവിന്‍റെ  പതനം അതിഭീകരം തന്നെ ..അയാള്‍ സ്വയം പരിഹസിച്ചു ചിരിച്ചു ..നോട്ടീസ് ബോര്‍ഡിലേക്ക് നോക്കുന്തോറും ചിരിക്കണോ കരയണോയെന്ന്‍ അയാള്‍ക്ക് നിശ്ചയമില്ലാതായി ..ഡോക്ടര്‍ എത്തുവോളം ഈ വിഡ്ഢിത്തങ്ങളൊക്കെ വായിച്ചു നോക്കാം ..മനസ്സ് പക്ഷെ അടങ്ങുന്നില്ല , തനിക്ക് വൃക്ക തന്ന ആ തമിഴത്തിയുടെ ജാതി ഏതായിരുന്നു? ദാരിദ്ര്യമായിരുന്നു അവരുടെ മതം ..ആ വെയില്‍ച്ചൂടില്‍ നിന്ന് ഇത്തിരി നേരത്തേക്കെങ്കിലും കയറി നില്‍ക്കാനാണ് യാതൊരു പതര്‍ച്ചയുമില്ലാതെ അവര്‍ ആശുപത്രിയിലേക്ക് വന്നത് .ഓപ്പറേഷന് ശേഷം വലിയ പരിചരണമൊന്നും കിട്ടാതെ അവഗണനയുടെ തീച്ചൂടിലൂടെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയത് ..

ബോധം വന്നപ്പോള്‍ താന്‍ ഭാര്യയോട് കുറെ കയര്‍ത്തു ..ഡോക്ടറോട് കരഞ്ഞു നിലവിളിച്ച് ആ സ്ത്രീ ഡിസ്ചാര്‍ജ് വാങ്ങിയെന്ന് അവള്‍ പറഞ്ഞു ..പിന്നെ അവള്‍ പതുക്കെ പറഞ്ഞു –“അവര്‍ക്ക് അഞ്ചു കുഞ്ഞുങ്ങളാ ..ചെറുതിന് മൂന്നു മാസാ പ്രായം ..” ഒരിക്കലും അമ്മയാവാത്തതിന്‍റെ വേദന അവളുടെ വാക്കുകളില്‍ മുറ്റി.

.”വേണ്ടാത്തോര്‍ക്ക് ദൈവം വാരിക്കോരി കൊടുക്കും ,-“ഒരു ഫിലോസഫി പോലെ താന്‍ പറഞ്ഞു ..

“അതല്ല . ആ ചെറിയ കുട്ടി ഇത്രേം ദിവസം എന്തു കരച്ചിലാവും , വേണ്ടായിരുന്നു അവരുടേത് ..”

“പിന്നെ? ഞാന്‍ മരിച്ചോട്ടെയെന്നോ?  ഇതു തന്നെ എത്ര കഷ്ടപ്പെട്ടാണ്‌ ഒത്തു വന്നത് ..”  ഓ അണ്ണാച്ചിക്കുഞ്ഞല്ലേ  ..അവള്‍ കേള്‍ക്കാതെ മനസ്സ് ഉരുവിട്ടു..
താനെങ്ങനെ ഇങ്ങനെയൊക്കെയായി? അനീതികളോട് രാജിയാകാതിരുന്ന തന്‍റെയുള്ളിലെ ആ അഗ്നിയെ കെടുത്തിക്കളഞ്ഞത് ആരാണ്? രോഗങ്ങളോ? പ്രാരബ്ധങ്ങളോ? മനുഷ്യന്‍റെ വ്യസനങ്ങളെ സമീപിക്കുമ്പോള്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളും പരാജയമാണ് ..രോഗങ്ങള്‍ , മരണം , ജനനം , ഈ സമസ്യകള്‍ക്കെല്ലാം എന്തുത്തരമാണ് അവയ്ക്ക് നല്‍കാനുള്ളത്?
രാഷ്ട്രീയസമരങ്ങള്‍ക്ക് കേളികേട്ടിരുന്ന തന്‍റെ പഴയ കോളേജില്‍ നിന്ന് കുട്ടികള്‍ പറ്റമായി ഇറങ്ങി വരുന്നു ..അധിക കുട്ടികളും കയ്യിലെ മൊബൈല്‍ സ്ക്രീനിലേക്ക് കണ്ണും നട്ട് തലയും കുനിച്ചാണ് നടപ്പ് ..ചുറ്റുമുള്ള ഒന്നുമൊന്നും കാണാതെ ഇവര്‍ ആരോടാണ് ഇത്രയധികം സംസാരിച്ചുകൊണ്ടിരിക്കുന്നത്?

അപ്പോള്‍ ശബ്ദഘോഷങ്ങളോടെ  ഒരു ജാഥ  പ്രസംഗഫണം ഉയര്‍ത്തി സീല്‍ക്കാരത്തോടെ വിഷം ചീറ്റാന്‍ തുടങ്ങി –“എന്നു നിന്‍റെ മൊയ്ദീന്‍ “ എന്ന ഈ തല്ലിപ്പൊളി സിനിമ സംവിധായകന്‍ മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനാണോ നിര്‍മിച്ചത്? അയാള്‍ മുങ്ങി മരിച്ചത് നന്നായി ..അയാളെങ്ങാന്‍ ഞങ്ങളുടെ പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതായിരുന്നു അന്ത്യമെങ്കില്‍ ഞങ്ങള്‍ ആ സിനിമ ഓടുന്ന തിയേറ്ററുകളെല്ലാം ചുട്ടു കളയുമായിരുന്നു ..വിശുദ്ധയായ ഹിന്ദു പെണ്‍കുട്ടിയെ വേള്‍ക്കാന്‍ നാട്ടില്‍ ഹിന്ദു ചെറുപ്പക്കാര്‍ തന്നെ ധാരാളമുണ്ട് ..അതിന് കണ്ട നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മുസ്ലിമിന്‍റെയോ കൃസ്ത്യാനിയുടെയോ  ആവശ്യമില്ല ..”
അയാള്‍ സ്തബ്ധനായി ആ ജനാവലിയെ നോക്കി ..പണ്ട് തന്‍റെ വലംകൈകളായിരുന്ന ചെമ്പട നിശ്ശബ്ദരായി ഒരല്പം തല കുനിച്ച് ആ ജാഥയെ അനുഗമിക്കുന്നു ..അയാള്‍ക്ക് തൊണ്ടയില്‍  പെരുംകല്ല്‌ പോലെ ഒരു നിലവിളി തടഞ്ഞു ..ശരീരത്തില്‍ പിടി മുറുക്കുന്ന പനിക്കൈകളുടെ നീരാളിപ്പിടുത്തത്തില്‍ ബോധം മറഞ്ഞ് അയാള്‍ നിലത്തേക്ക് കുഴഞ്ഞു വീണു ....................

6 അഭിപ്രായങ്ങൾ:

 1. നാം മനുഷ്യരെ കാണുന്നില്ല
  മതങ്ങളെ കാണുന്നു
  ജാതികളെ കാണുന്നു

  രണ്ടുപേർ കാണുമ്പോൾ പേരു ചോദിക്കുന്നതിലെ പ്രധാന ഉദ്ദേശം അപരന്റെ ജാതി അറിയുക എന്നതായിരുന്ന കാലം ഇതാ തിരിച്ചുവന്നിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. മാർക്സ് പറഞ്ഞത് എത്രയോ ശരി.കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി ലോകം നിറഞ്ഞാലും വീണ്ടും മുതലാളിത്തം തിരികെ,വീണ്ടും കമ്മ്യൂണിസം.മാറ്റം അതില്ലാത്തത് മാറ്റത്തിനു മാത്രം.വാലു കളഞ്ഞവരൊക്കെ വീണ്ടും അത് മുളപ്പിച്ചു തുടങ്ങിയിരിക്കുന്നു.കാലത്തിൻറെ നടുവേ ഓടാൻ.എങ്കിലും രക്തത്തിലെ വാല് അത് സഹിക്കാൻ കഴിയുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 3. ഇന്നിന്റെ അവസ്ഥ വല്ലാതെ മോശം. ഇതെത്ര വരെ പോകും എങ്ങനെ അവസാനിക്കും എന്നറിയില്ല

  മറുപടിഇല്ലാതാക്കൂ
 4. ഹോ!വിവരമുണ്ടെന്നഹങ്കരിക്കുന്നവരാണ്
  ഇന്നത്തെ വിവരദോഷികള്‍!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഹോ!വിവരമുണ്ടെന്നഹങ്കരിക്കുന്നവരാണ്
  ഇന്നത്തെ വിവരദോഷികള്‍!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ