Pages

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

അജ്ഞാത {കഥ }



ബസില്‍ ഇരിക്കുമ്പോള്‍ പുകയണിഞ്ഞ പാതകള്‍  ദൂരെ കാണായി. ലക്ഷ്യത്തിന്റെ ചുവന്ന വാകമരം എവിടെയെങ്കിലും പൂത്തു നില്‍പ്പുണ്ടാകുമോ ?ഓരോ ബസും കൈകാല്‍ നിവര്‍ത്തി  വിശ്രമിക്കുന്നതു വരെ തുടരും അവരുടെ യാത്ര ..മറ്റുള്ളവര്‍ക്ക് കാഴ്ചയില്‍ അവര്‍ വെറുമൊരു പിച്ചക്കാരി ..യാത്രയുടെ ഓരോ നൊമ്പരവും തിരുകിക്കയറ്റാനുള്ള മുഷിഞ്ഞ ഭാണ്ഡം ..എന്താണോര്‍ക്കാന്‍ ബാക്കിയുള്ളത് ..ഇവിടെ എവിടെയെങ്കിലും പണ്ട് ഹോസ്റ്റലില്‍  കൂടെ പഠിച്ച  ഏതേലും കൂട്ടുകാരി  താമസിക്കുന്നുണ്ടാകുമോ ?അന്നൊക്കെ പറയുമായിരുന്നു ,ഭാവിയില്‍  നമ്മളൊക്കെ എവിടെ പെട്ടാലും പേടിക്കേണ്ട .കേരളത്തിന്റെ അങ്ങേ തല മുതല്‍ ഇങ്ങേയറ്റം വരെയുള്ളവര്‍ ഒക്കെ ഇവിടെയുണ്ടല്ലോ ..ഇപ്പോ ആരുടേലും വീട്ടിലേക്ക് കയറിച്ചെന്നാല്‍ നല്ല തമാശയായിരിക്കും ,ഗെയ്റ്റ് ശബ്ദിക്കുമ്പോഴേ നീരസത്തോടെ  ജനലുകളില്‍ നിന്ന് ശകാരം പെയ്യും .ആട്ടിയകറ്റുന്നതിന്റെ  അട്ടഹാസവും കേട്ടേക്കാം..എന്നാലും ഓര്‍ക്കാന്‍ രസം തന്നെ ,തിരിച്ചറിഞ്ഞ് ഒരാളെങ്കിലും ഭക്ഷണം തരുന്നു ..കുറച്ചു ദിവസം ഇവിടെ  താമസിച്ചോളൂ എന്നു മര്യാദ പറയുന്നു ..

തണുപ്പ് വക വെക്കാതെ  നിലത്ത്  ചുരുളുമ്പോള്‍ ഇരുട്ടില്‍ കിതച്ചോടിക്കൊണ്ടിരിക്കുന്ന വെട്ടനായ്ക്കളെ ഓര്‍ക്കാതിരുന്നില്ല, രോഗം ചവച്ചുതുപ്പിയ  എല്ലിന്‍കൂടാണെങ്കിലും...നല്ലൊരു ഉറക്കം അവര്‍ക്ക് ഒരോര്‍മ മാത്രമായിട്ടുണ്ട് ...കാലം തന്നിലേക്ക് പെയ്യുന്ന ശരമാരികള്‍ ..ഈശ്വരാ ..ഈ പമ്പരത്തെ ഇനിയും നീ എറിഞ്ഞു കളിക്കരുതേ..
ഒരു സ്ഥലത്തും ഒന്നിലേറെ ദിനം തങ്ങാത്തതിനാല്‍ ചില്ലറത്തുട്ടുകള്‍ നല്‍കുന്നവര്‍ നിനക്കെന്നും ഇതു തന്നെയല്ലേ പണി എന്നു ചോദിച്ചില്ല ..ഒരു യാത്രയ്ക്കുള്ളതും  ഒരു ഊണിനുള്ളതും തികഞ്ഞാല്‍ അവര്‍ പിന്നീട് ആരോടും ഒന്നും ചോദിച്ചില്ല ..പറവകള്‍ എന്തു കൂട്ടി വെക്കുന്നു...

നെടുനാളത്തെ അലക്കാല്‍ പിഞ്ഞിയ ചേലയോടെ ഇരിക്കുമ്പോള്‍ പോയ കാലത്തെവിടെയോ നിന്ന് ഒരു പരിചിതസ്വരം ..'നിങ്ങളെ തിരഞ്ഞ് എത്ര നാളായെന്നോ ഞാന്‍ ..ആ കടം വീട്ടാതെ എനിക്ക് സ്വസ്ഥത കിട്ടില്ല ..'അവര്‍  തിരിഞ്ഞു നോക്കി ....പണ്ടെന്നോ കണ്ട് മറന്ന ഒരാള്‍ ..മനസ്സിലേക്ക് ആഴ്ന്നിറങ്ങി  പറ്റിപ്പിടിച്ച ആ സ്വരം ,,അവരുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു ..കൊടിയ വേദന തന്നെ ഈ നിമിഷം തന്നെ കൊന്നു കളഞ്ഞേക്കും..വീണ്ടും പിന്തിരിഞ്ഞു 'ആരാ മനസ്സിലായില്ല  ..'
'നിങ്ങളെത്ര മെലിഞ്ഞു പോയി ..രൂപമെത്ര മാറിപ്പോയി ..മുഖത്തെ ആ മറുകിനാലാണ് ഞാന്‍ തിരിച്ചറിഞ്ഞത് ..മാപ്പ് തരൂ ,പണവുമായി നിങ്ങളുടെ വീട്ടില്‍ ,ജോലി ചെയ്തിരുന്ന  സ്ഥാപനത്തില്‍  ഒക്കെ പോയി .വീട്ടുകാര്‍ പണം അവരെ ഏല്‍പ്പിച്ചോളാന്‍  പറഞ്ഞു ...പക്ഷെ എനിക്ക് നിങ്ങളെത്തന്നെ ഇതേല്‍പ്പിക്കണമായിരുന്നു ..എത്ര അന്വേഷിച്ചു ..ഒടുക്കം  കാണാനായല്ലോ ..ഇപ്പോള്‍ തന്നെ കൂടെ വരൂ ..തരാന്‍ താമസിച്ചാലും ഇപ്പോള്‍ ആ കാശ് നിങ്ങള്‍ക്ക് ഉപകാരപ്പെടും ..ഏതെങ്കിലും റെസ്‌ക്യൂ ഹോമില്‍ ഇതിലേറെ ഭേദപ്പെട്ട ഒരു ജീവിതം ..എന്റെ കൂടെ വരൂ ..

'പണം ! എന്തിനാണ് എനിക്കിനി അത് ?പണ്ട് നിങ്ങള്‍ എസ് എംഎസ് അയച്ച ഒരു വാചകമില്ലേ..അതിനു പകരം എടുത്തോളൂ അത് ..സ്‌നേഹമായിരുന്നു എനിക്ക് ഏറ്റവും മൂല്യമുള്ളത്..അതു മാത്രം എനിക്കാരും തന്നില്ല ..അന്ന് എനിക്ക് കിട്ടിയൊരു ചീത്ത 'അത്രേം പണം കടം കൊടുക്കാന്‍ അയാള്‍ നിന്റെ ആരാ ?ആണും തൂണും ഇല്ലാത്ത ഒരുത്ത്യാന്ന ഓര്‍മണ്ടായ്‌ക്കോട്ടെ..വല്ല ചീത്തപ്പേരും കേപ്പിച്ചാ കൊത്തി നുറുക്കും ,പറഞ്ഞേക്കാം ..'ബന്ധങ്ങള്‍... ആണും പെണ്ണും തമ്മില്‍ ഒരൊറ്റ ബന്ധമേ ആളുകള്‍ക്കറിയൂ, നിരുപാധികസ്‌നേഹം അങ്ങനെ ഒന്നില്ലെന്ന് ജീവിതം എത്ര പഠിപ്പിച്ചിട്ടും മധുരം പുരട്ടിയ പ്രേമവാക്കുകളില്‍ വീണു പോകുന്ന പടുവിഡ്ഢിത്തം എന്നും കൂടെയുണ്ടായിരുന്നു ..ലോകത്തിന്റെ മാര്‍ജിനില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പാഴ്ജന്മം ..രോഗാവസ്ഥയില്‍ കിട്ടിയിരുന്നെങ്കില്‍ ആ പണവും മറ്റു സമ്പാദ്യങ്ങളുടെ കൂടെ ഒലിച്ചു തീര്‍ന്നേനെ ..മടുത്ത് വീട്ടുകാര്‍ പുറന്തള്ളിയപ്പോള്‍ , പണം അത്ര വലിയ അത്യാവശ്യമല്ലെന്നു  മനസ്സിലായി ..തെരുവ് ആരെയും തത്വചിന്തകനാക്കും ..അതൊക്കെ പോട്ടെ ,നിങ്ങളുടെ കുട്ടീടെ ഓപ്പറേഷന് ഉപകരിച്ചോ അത് ?അവളിപ്പോ വല്യ പെണ്ണായില്ലേ?'

അയാള്‍ പൊടുന്നനെ വലിയൊരു ഗര്‍ത്തത്തിലേക്ക് വീഴും പോലെ വിവശനായി ..

'അവള്‍ , നേര്‍ത്തൊരു കാറ്റ് പോലെ അകന്നു പോയില്ലേ ..ഒരു പാവം ഹൃദയത്തിന്റെ ശാപം എന്റെ മേലുണ്ടാവുമ്പോ തുണക്കോ ദൈവം എന്നെ ?'

'ശപിക്കാന്‍ ഞാന്‍ മഹര്‍ഷിയൊന്നുമല്ലല്ലോ..ഇന്നില്‍ നിന്ന് നാളെയിലേക്ക് ചാഞ്ചാടുന്ന വെറുമൊരു മുളങ്കമ്പ്..ഏതു സമയവും പൊട്ടി വീഴാം ,അതു വരെയെങ്കിലും ഒരു ചെറുസംഗീതമാവണമെന്നുണ്ടായിരുന്നു ..അടിഭാഗം പൂതലിച്ച് ഉണങ്ങി അതേതു നിമിഷവും ഹൃദയം പിളര്‍ക്കുന്ന ശബ്ദത്തോടെ  താഴേക്കു വീഴാം ..അപ്പോഴും ആ വരി ഓര്‍ക്കാതിരിക്കുമോ 'ഒത്തിരി ഇഷ്ടമാണ് കുട്ടീ നിന്നെ ,' വരണ്ടുണങ്ങിയ ജീവിതത്തിലേക്ക് ഉറ്റിയ ചോരത്തുള്ളികള്‍ ..അതിന്റെ ഉണങ്ങിയ മാംസത്തിലൂടെ ഇഴഞ്ഞു പോയ ചോരഞരമ്പുകള്‍...ഈശ്വരാ ..'

വളരെ മുമ്പ് ഒരു മിസ്സ്ഡ് കോളായി  കടന്നു വന്ന ആ മധുരസ്വരം തന്റെ ഏകാന്തതയിലേക്ക് ഒരു കരിമ്പുകഷ്ണമായാണ് നീണ്ടു വന്നത് ..വീണ്ടും വീണ്ടും ചവച്ച് ആ മധുരം നൊട്ടി നുണയുമ്പോള്‍ ഓര്‍ത്തില്ല ,ഊര്‍ധ്വന്‍ വലിക്കാന്‍ പോകുകയാണ് ആ ബന്ധമെന്ന് ..'കുട്ടീടെ ഓപ്പറേഷന് കുറച്ചു രൂപ തന്നു സഹായിക്കുമോ' എന്നു മെസേജ് വന്നപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല ..'മൂന്നു മാസം കൊണ്ട് തിരിച്ചു തന്നേക്കാം ..'
പണവുമായി മടങ്ങുമ്പോള്‍ അയാള്‍ ഒന്നൂടെ തിരിഞ്ഞു നോക്കി ..വീട്ടിലറിഞ്ഞാല്‍ ..പേടിയുടെ പെരുമ്പാമ്പ് ഉള്ളില്‍ ഇഴഞ്ഞു ..ക്രമേണ ആ വിളികള്‍ ഉപ്പ് പോലെ അലിഞ്ഞില്ലാതായി ..തന്ന നമ്പരിലൊന്നും വിളിച്ചാല്‍ കിട്ടാതായി ..ആ പണമൊരിക്കലും ഇനി തിരിച്ചു കിട്ടില്ലെന്ന് ഒടുക്കം വേദനയോടെ മനസ്സിലാക്കി ..ഏതെല്ലാം വിധത്തിലാണ് ഓരോരുത്തരും തന്റെ സ്‌നേഹത്തെ ചവിട്ടിയരച്ചത് ...ഒരു നിമിഷം പോലും തന്നെ പരിഗണിക്കാതിരുന്ന , അവസരം കിട്ടിയപ്പോള്‍ തന്നെ തൊഴിച്ചെറിഞ്ഞ ഭര്‍ത്താവ് ,ഒരിക്കലും തന്നെ തിരിച്ചറിയാതിരുന്ന സുഹൃത്തുക്കള്‍ ...

പിറ്റേന്ന് പത്രത്തിന്റെ ഒരു മൂലയില്‍ ഒരു ചരമവാര്‍ത്ത  വിളര്‍ത്തു കിടന്നു 'അജ്ഞാത ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞു വീണു മരിച്ചു .ഭാണ്ഡത്തില്‍ നിന്ന് പഴയൊരു മൊബെയിലും ഡയറിയും കണ്ടെത്തിയത് ആളുകള്‍ക്ക് കൌതുകമായി ഡയറിയുടെ ഒരു താളില്‍ മാത്രം ഇങ്ങനെ എഴുതിയിട്ടുണ്ട് 'ഒടുക്കത്തെ സ്റ്റോപ്പ് എത്തും വരെ നിന്നും ഇരുന്നും തുടരുന്ന  ഒരു യാത്ര മാത്രമാണ് ജീവിതം '
വേദനയുടെ ഒരു ചുഴലി വാര്‍ത്തയില്‍ നിന്ന് കണ്ണീര്‍ തെറിപ്പിച്ച് ,വട്ടം ചുറ്റി ഉയരുന്നത് വാര്‍ത്തയിലെ അക്ഷരങ്ങള്‍ മാത്രം കണ്ടു ,കാരണം അക്ഷരങ്ങളെങ്കിലും  ആ സ്ത്രീയെ സ്‌നേഹിച്ചിരുന്നു .................


6 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. പ്രിയ ക്ഷെരീഫാ,
      മത്സരത്തിന് ക്ഷണിച്ചപ്പോൾ ബ്ളോഗിൽ എഴുതുന്നവർ, കഥ പോസ്റ്റ് ചെയ്യുമ്പോൾ ലിങ്ക് മാത്രമായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്, കഥ കോപ്പി ആൻറ് പേസ്റ്റ് ചെയ്തു വേണം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ എന്ന നിബന്ധന വച്ചിരുന്നു.പല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അങ്ങിനെ ഒരു നിബന്ധന വെക്കേണ്ടി വന്നത്.വളരെ ചുരുക്കമാണെങ്കിലും അപൂർവ്വം ചീലരുടെ ലിങ്കിൽ നിന്നും സ്പാം പോസ്റ്റുകൾ അപ്രൂവ് ചെയ്യുന്ന അഡ്മിൻസിൻറെ ലാപ്പിലേക്ക് പകർന്നിട്ടുണ്ട്. അത് ഒഴിവാക്കുവാനാണ് അത് നിബന്ധനയായി വെച്ചത്. അതിനാൽ ഈ പോസ്റ്റ് തൽക്കാലം അപ്രൂവ് ചെയ്യാതെ വെക്കുന്നു.മേൽപ്പറഞ്ഞതുപോലെ ചെയ്യുമല്ലോ.ക്ഷമാപണത്തോടെ (അഡ്മിൻ) Malayalam Short Story Lovers group.

      ഇല്ലാതാക്കൂ
  2. കഥ നല്ല ഇഷ്ടായി.

    മനസ്സിലൊരു നൊമ്പരവും...ജീവിതത്തിലേയ്ക്കൊരു പ്രതീക്ഷ നൽകി അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നി.

    ആശംസോൾ!!!!

    മറുപടിഇല്ലാതാക്കൂ
  3. നന്നായി എഴുതാനുള്ള കഴിവുണ്ട്‌.......
    വായനക്കാരന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട് എഴുതിയത് വായിച്ചുനോക്കി,സ്വയം അല്പസ്വല്പം മാറ്റങ്ങള്‍ വരുത്തണം....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ