Pages

2015, മേയ് 24, ഞായറാഴ്‌ച

മരണമെത്തുന്ന നേ രം ...........(കഥ)


ഒരു മരണം നടന്നാല്‍ എല്ലാവരും അയാള്‍ തൊട്ടുമുമ്പ് പറഞ്ഞ കാര്യങ്ങളാണ് അന്വേഷിക്കുക. അവിടെ കൂടിയവര്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ മരിച്ചയാളുടെ ഒരു ലഘുജീവചരിത്രം തയ്യാറാക്കും. തൊട്ടു മുമ്പില്‍ നിന്നിരുന്നവന്‍ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായത്തിന്റെ തീരാത്ത വിസ്മയം..എങ്ങോട്ടാണ് എല്ലാവരും പോകുന്നതെന്ന അവസാനിക്കാത്ത അമ്പരപ്പ്...ബന്നയെ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു കൊണ്ടു വന്നപ്പോഴേക്കും അവന്റെ ചരിത്രം അഞ്ചു തവണയെങ്കിലും ആളുകള്‍ ചവച്ചു കഴിഞ്ഞിരുന്നു..ബാച്ചിലര്‍ ആയതോണ്ട് ആ അധ്യായം ആളുകള്‍ക്ക് പറിച്ചു കീറാതെ കഴിഞ്ഞു..ഇരുപത്തഞ്ചു ലക്ഷമാണ് കുടുതല്‍ മുഴങ്ങിക്കേട്ടത്..ലക്ഷങ്ങള്‍ എറിഞ്ഞു വാങ്ങിയ മെഡിക്കല്‍ സീറ്റ്..മൂന്നു കൊല്ലം കഴിഞ്ഞാല്‍ പണം വാരേണ്ടവനാണ് ചില്ലുപെട്ടിയില്‍ ഒന്നുമറിയാതെ തണുത്തു കിടക്കുന്നത്..ഉപ്പാക്ക് രോഗമായിട്ടും ഡോക്ടര്‍ഉമ്മ മകനെ പഠിപ്പിക്കാന്‍ മാത്രമായി അവന്റെ കൂടെ ഫ്‌ലാറ്റില്‍ നില്‍ക്കയായിരുന്നു..ച്യൂയിംഗം പോലെ അവര്‍ വാര്‍ത്തകളെ ചവച്ച് ഊതി വീര്‍പ്പിച്ചു..
മറ്റു ചില കാര്യങ്ങളിലായിരുന്നു കഥാകൃത്തായ എനിക്കു താല്പര്യം..അവനുപേക്ഷിച്ചു പോയ ഡയറികള്‍..ആല്‍ബങ്ങള്‍..അവസാന ദിവസത്തെ സംസാരങ്ങള്‍..രണ്ടു വര്‍ഷം ഇയര്‍ ഔട്ട് ആയിരുന്നു അവന്‍..ഉമ്മയോട് പിണങ്ങിയപ്പോഴെല്ലാം അവന്‍ ഒച്ച വെച്ചതും അതു തന്നെ
–'എനിക്കു ഡോക്ടറാകണ്ട..ശവം കീറിക്കീറി ഞാനുമൊരു ശവമായി..'

തിരക്കിന്റെ ജാഡ നിറഞ്ഞ പാല്‍പായസം കുടിച്ചു തന്നെയാണ് മക്കള്‍ രണ്ടും വളര്‍ന്നത്..കളിക്കാന്‍ പോയിട്ട് ഒന്ന് സംസാരിക്കാന്‍ പോലും സമയം തികഞ്ഞിരുന്നില്ല..രാത്രി പത്തു വരെ നീളുന്ന കണ്‌സല്‍ട്ടിംഗ്..

ഉപ്പയുടെ ബോധത്തിലേക്ക് ആ നഷ്ടത്തിന്റെ കാഠിന്യം ഇതേ വരെ എത്തിയിട്ടില്ല..മരവിപ്പാണ്..അന്തം വിട്ട ഒരിരുപ്പ്..മകന്‍ ഡോക്ടറായി തന്നെപ്പോലെ അമിതാധ്വാനമില്ലാതെ ക്ലിനിക്ക് പ്രസവിക്കുന്ന പണം കൊണ്ട് സുഖസുന്ദരമായി ജീവിക്കുന്നത് സ്വപ്നം കണ്ടിട്ട് ..പടച്ചോനേ! വേണ്ടിയിരുന്നില്ല ..ദുര്‍ബലമായ അവന്റെ മുതുകിലേക്ക് ഈ പെരുംകല്ല് കയറ്റി വെക്കേണ്ടിയിരുന്നില്ല..പിരാന്തു പിടിച്ച് അവന്‍ വെള്ളത്തിലേക്ക് ചാടിയതാവുമോ? ഉപ്പയെയും ഉമ്മയെയും അവനെത്ര വെറുപ്പോടെയാവും ആ നിമിഷം ഓര്‍ത്തിരിക്കുക..

കഥാകൃത്തായ എനിക്ക് അവന്റെ വാക്കുകള്‍ എവിടുന്ന്

കിട്ടും..ഡയറികള്‍ ഔട്ട് ഓഫ് ഫാഷനായില്ലേ? ചിന്തകളെ കമ്പ്യൂട്ടറില്‍ പാസ്സ്‌വേര്‍ഡിട്ട് പൂട്ടിയിരിക്കയല്ലേ..ആ ആത്മാവ് എന്നെ ആവേശിച്ചുവെങ്കില്‍!
നോക്കൂ ,പദങ്ങളും വാക്കുകളും ചിറക് താഴ്ത്തുന്നത്..ഇപ്പോള്‍ അവനാണ് എന്റെ ഉള്ളിലിരുന്നു സംസാരിക്കുന്നത്..

അന്ന് –ഫെയിലായ വിഷയങ്ങളുടെ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്നു..പാതിരാ വരെ പഠിച്ചിട്ടും മനസ്സ് ശൂന്യമായി..ഇളിച്ചു കാട്ടുന്ന അസ്ഥികൂടവും നിസ്സംഗരായ ശവങ്ങളും സ്വപ്നങ്ങളില്‍ നൃത്തം ചെയ്തു..ഉമ്മയോട് പിണങ്ങിയാണ് പോന്നത്..കുത്തിയിരുത്തി പഠിപ്പിച്ചിട്ടും ഇത്രയേറെ വിഷയങ്ങള്‍ക്ക് തോറ്റ് പോയതിന് അവര്‍ വാക്കുകളെ ചാട്ടുളികളായി എറിഞ്ഞു കൊണ്ടിരുന്നു..വെറുപ്പിന്റെ രാക്ഷസി ഉള്ളില്‍ മാന്തിക്കീറി ചോര കുടിച്ചു..അറിയാതെയാണ് കോപം നിലയില്ലാതാക്കുക .അന്നും വായീതോന്നിയതൊക്കെ വിളിച്ചു പറഞ്ഞു..എല്ലാം ഇട്ടെറിഞ്ഞു പോവാണെന്ന് വരെ..ആത്മഹത്യ ചെയ്യാന്‍ ഒരിക്കലും ധൈര്യം വന്നിരുന്നില്ല..മനസ്സ് തണുപ്പിക്കാന്‍ ഇടക്ക് ദര്‍ഗയില്‍ പോവാറുള്ളതാണ്..അംഗശുദ്ധി വരുത്താനാണ് ക്വാറിയിലേക്ക് ഇറങ്ങിയത്..ശാന്തമായ വെള്ളം കാണുമ്പോഴൊക്കെ അതിന്റെ അടിയിലേക്ക് ഊളിയിടണമെന്നൊരാശ വെറുതെ ഉള്ളില്‍ തണുക്കും..

ജലത്തെ സ്പര്‍ശിച്ചപ്പോള്‍ തന്നെ കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലായി ഈ ആഴം വലിച്ചു കൊണ്ടു പോയ സീനിയര്‍ വിദ്യാര്‍ഥികളുടെ മുഖങ്ങള്‍ ഒരു കാര്യവുമില്ലാതെ മനസ്സിലേക്ക് തിക്കിക്കയറി..പച്ചപ്പായലിന്റെ വഴുക്കുംതറ പൊടുന്നനെയാണ് ഒരു കല്ലിലേക്ക് അടിച്ചു വീഴ്ത്തിയത്..വെള്ളത്തിന്റെ സ്‌നേഹമുള്ള തണുത്ത കൈകള്‍ മുറുക്കെയാണ് പുണര്‍ന്നത്..
ഇപ്പോള്‍ മരണവീട്ടിലെ പിറുപിറുപ്പുകള്‍ ,സംശയങ്ങള്‍ എല്ലാം ചെവിയെ തൊടുന്നു –'സൂയിസൈഡ് ആയിരിക്കുമോ?' എന്തുല്‍ക്കണ്‍ഠയാണ് മനുഷ്യര്‍ക്ക് മറ്റുള്ളോരുടെ കഥ കേള്‍ക്കാന്‍..വെറും കഥാപാത്രമായപ്പോള്‍ എന്തൊരു സമാധാനം! ഇഷ്ടമില്ലാത്തതൊന്നും പഠിക്കേണ്ട ..ഇന്നിന്റെയോ നാളെയുടെയോ വേവലാതിയില്ലാതെ ഇന്നില്‍ ജീവിക്കാം..ശരീരമല്ലാതെ മറ്റെന്താണ് നഷ്ടമായത്?
ഞാനിതാ ഇവിടെ നിങ്ങളുടെ തൊട്ടടുത്ത്..മരണം നിഴലായി നിങ്ങളെ പറ്റി നില്‍ക്കുന്നതിനേക്കാള്‍ അടുത്ത്.................. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ