Pages

2014, ജനുവരി 23, വ്യാഴാഴ്‌ച

മോക്ഷം (കഥ)


മകന്‍:-  അച്ഛന്റെ വഴുവഴുക്കുന്ന ഓര്‍മകളില്‍ നിന്ന് വിസ്മൃതിയുടെ അത്യഗാധമായ ചതുപ്പിലേക്ക് ഊര്‍ന്നു വീഴുമോയെന്ന ഭയം നിമിത്തമാണ്  ഈ ആത്മചരിതത്തിനുള്ള ശ്രമം .പഴയ, കളറടര്‍ന്നു വിരൂപമായ ഫോട്ടോയുടെ സാരിത്തലപ്പ് മാത്രമേ അമ്മയായി ഓര്‍മയിലുള്ളൂ .മരണത്തിന്റെ താമരക്കുളത്തില്‍ നിന്നെവിടെയോ നിന്നും ഞാന്‍ നൂറെന്നെണ്ണിത്തീരുമ്പോഴേക്കും അമ്മ പൊങ്ങി വരുമെന്നും ധാരാളം പഴംപൊരികള്‍ ഉണ്ടാക്കിത്തരുമെന്നും മോഹിക്കാറുണ്ടായിരുന്നു ഞാന്‍.പിന്നീടാണ് അതൊരു തെളിവില്ലാത്ത കുളമാണെന്നും  ചുഴി വലിച്ചു കൊണ്ടു പോയവരൊന്നും ഒരിക്കലും വരില്ലെന്നും പലരില്‍ നിന്നും അറിഞ്ഞത്.മുക്കുമൂലകളെല്ലാം  മാറാല കെട്ടി മനസ്സ് മങ്ങിക്കറുത്ത് കിടക്കെ ഒരു ദിവസം തല കറങ്ങി വീണു.പിന്നെയാണ് അനവധി ദിവസങ്ങള്‍ക്കു ശേഷം ശരീരം നീര് വന്നു ചീര്‍ക്കാന്‍ തുടങ്ങിയത്.ജീവിതഭാരം ക്യാന്‍സര്‍ സെല്‍ പോലെ എന്നെ വരിഞ്ഞു കെട്ടാന്‍ തുടങ്ങിയത് .

അച്ഛന്‍:-  എണ്‍പതു കിലോയിലധികം ഭാരമുണ്ടായിരുന്നു അവനെ ആശുപത്രിയിലെത്തിക്കുമ്പോള്‍.ആറില്‍ പഠിക്കുന്ന ഒരു ചെറിയ കുട്ടിയുടെ തലയിലേക്ക് ഒരു കരിങ്കല്‍ചാക്ക് ദൈവം എടുത്തു വെച്ചതെന്തിനാവോ?ആശുപത്രികളുടെ വിളറിയ ചുമരുകളോട് ആശയറ്റു വിട പറഞ്ഞപ്പോഴെല്ലാം പലരും ഉപദേശിച്ചു:'അമ്മയോടൊന്നു പറഞ്ഞാല്‍ വല്ല മാന്ത്രിക ഏലസ്സും കിട്ടാതിരിക്കില്ല.മാറാരോഗങ്ങളൊക്കെ മാറിയ എത്ര കഥകളാ കേള്‍ക്കുന്നത്.'

യോഗിനിയമ്മ പ്രാര്‍ഥനയോടെ കണ്ണാടച്ചിരിക്കുകയായിരുന്നു.ദര്‍ശനം ലഭിക്കാനായി വന്നവര്‍ ആ തൃക്കണ്‍ കടാക്ഷത്തിനായി ക്ഷമയോടെ കാത്തിരുന്നു.സംഗീതത്തിന്റെ പതിഞ്ഞ അലയൊലികള്‍ എങ്ങും പാറിക്കളിച്ചു.മനസ്സിനെ ഞെരിച്ചിരുന്ന കത്തിമുനകള്‍ തേഞ്ഞു തീരുമ്പോലെ തോന്നി.ആ ആശ്ലേഷത്തില്‍ അമര്‍ന്നാല്‍ തീരും എല്ലാ വ്യഥകളും.മിന്നാമിനുങ്ങിന്റെ തണുത്ത വെളിച്ചം സീറോബള്‍ബില്‍ നിന്നും ഒഴുകിപ്പരന്നു.സമാധാനത്തിന്റെ ചിറകടിയാണോ കേള്‍ക്കുന്നത്?തേജസ്സുറ്റ മുഖം ചെവിയിലേക്ക് മന്ത്രമായി ഉതിര്‍ന്നു:'ഭയപ്പെടാതിരിക്കൂ, ഞാന്‍ നിന്റെ കൂടെത്തന്നെയുണ്ടല്ലോ'അവരുടെ അമാനുഷികതയുടെ വിസ്മയച്ചെപ്പുകളായി ചെറുപുസ്തകങ്ങള്‍ സ്റ്റാള്‍ നിറയെ ഉണ്ടായിരുന്നു.

ചീര്‍ത്തു ചീര്‍ത്ത് ഈ മുറി നിറയുമോ അവന്റെ ചെറുശരീരം?'ആശുപത്രി മുന്തിയതുണ്ട് ആശ്രമത്തിന്.പക്ഷെ പണം ഒരു പാട് എറിയേണ്ടി വരും 'സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു.കുന്നിന്‍പുറത്തെ സ്വാമിയുടെ പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുത്ത പലരുടെയും ഉന്മാദം പോലും മാറിയ കഥകള്‍ കാറ്റിലൂടെ അപ്പൂപ്പന്‍ താടികളായി പറന്നെത്തി.ഈ യാത്രക്ക് അവസാനമില്ലല്ലോ .കുന്നു കയറുമ്പോള്‍ കൂട്ടുകാരന്‍ സമാധാനിപ്പിച്ചു :'വിഷമിക്കാതിരിക്കൂ ,ഏറെ യാതനപ്പെടുമ്പോഴാണ് ആ സന്നിധിയില്‍ എത്തിച്ചേരുക.ആ കവാടത്തിലെത്തുമ്പോഴേ നമുക്ക് കിട്ടാന്‍ തുടങ്ങും അഭൌമമായൊരു വെളിച്ചം.അദ്ദേഹം ചെയ്യാത്ത അത്ഭുത ങ്ങളില്ല.മാറാത്ത വ്യാധികളില്ല...'

ആ കണ്‍കളില്‍ നിന്ന് തെറിക്കുന്ന പ്രകാശസൂചികള്‍ അവന്റെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന അഴുകിയ ജലത്തെ പുറന്തള്ളുമായിരിക്കാം.വീട്ടിലുണ്ടാക്കി വെച്ച അനേകം പട്ടങ്ങളുമായി വഴികളിലൂടെ അവനിനിയും ഓടിക്കളിക്കുമോ?

അനേകദിനങ്ങള്‍ക്കു ശേഷംമലകളും ഇടയ്ക്കു ഗര്‍ത്തങ്ങളെ കെട്ടിപ്പിടിക്കുന്ന നിഗൂഡവഴികളും ദുര്‍ഗമമായ പാറക്കെട്ടുകളും താണ്ടി തിരിച്ചെത്തിയപ്പോള്‍ ചെരിപ്പുകള്‍ കീറി നഷ്ടപ്പെട്ടിരുന്നു.ഉപ്പൂറ്റിയില്‍ ചോര പൊടിഞ്ഞിരുന്നു.ചെറിയ മണ്‍കലത്തിലെ ചാരം ഇടയ്ക്കിടെ അച്ഛാ എന്നു വിളിച്ചു കണ്ണു പൊത്തിച്ചിരിച്ചു.അന്ന് –നിലവിളിയോടെ ആ ഭീമാകാരത്തിലേക്ക് കുഴഞ്ഞു വീണപ്പോള്‍ സാന്ത്വനവാക്കുകള്‍ക്ക് ഒരു കുറവുമുണ്ടായില്ല'മകനേ, മരണം അജയ്യമാണ്.സമയമാവുമ്പോള്‍ മുറുകെപ്പിടിച്ചതെല്ലാം കൈവിട്ടു പോകുന്നു '

'പിന്നെന്തിനായിരുന്നു ഈ നാട്യങ്ങള്‍?എല്ലാം സുഖപ്പെടുത്തുമെന്ന് ..'ഞാന്‍ ക്ഷോഭത്തോടെ വാക്കുകളെ തുപ്പി .എന്റെ ചോദ്യങ്ങളത്രയും ആ നെത്രങ്ങളുടെ ശരപ്രകാശത്തില്‍ കീറിയ പട്ടം പോലെയായി.'മകനേ ,മോക്ഷം കിട്ടാന്‍ പുണ്യനദിയില്‍ തന്നെ നിമജ്ജനം ചെയ്യണം 'തെറ്റെന്തെന്നറിയാത്ത എന്റെ കുട്ടി എന്തില്‍ നിന്നാവോ മോക്ഷം നേടേണ്ടത്?ഭ്രാന്തനെപ്പോലെ ഗുരുവെ പിടിച്ചു കുലുക്കിയ തന്നെ പലര്‍ ചേര്‍ന്നു ഒരു തൂണില്‍ കെട്ടിയിട്ടു.

പുല്ലും കരിയിലയും മൂടിയ നാട്ടുവഴിയുടെ അറ്റത്ത് ,ഒരു പാട് പഴകിപ്പോയ എന്റെ കൊച്ചുവീട്ടിലേക്ക് വീണ്ടും ..ഉമ്മറത്ത് പല കാലത്തെ വിശ്വാസങ്ങള്‍ പശ തേച്ചൊട്ടിച്ച കലണ്ടര്‍ ചിത്രങ്ങള്‍..വാതില്‍ തുരന്നു കയറുന്ന ചിതലുകള്‍..ചിത്രങ്ങള്‍ക്കരികെ വലിയൊരു പ്രാര്‍ഥനാ ജീവി നിരന്തരം കൈ കൂപ്പുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.ചിതല്‍ മണികളെ സൂത്രത്തില്‍ വായിലാക്കി അത് അതിവിനയത്തോടെ തൊഴുതുകൊണ്ടേയിരുന്നു.ആ കണ്ണുകള്‍ ചിരിച്ചു.വിഡ്ഢിത്തം നിറഞ്ഞ എന്റെ യാത്രകളിലേക്ക് ആ പരിഹാസം തുളഞ്ഞു കയറി.കൊതുകിനെപ്പോലെ അതിന് ചോരയൂറ്റുന്ന സൂചിയുണ്ടെന്നും അതിലൂടെ രോഗാണുക്കള്‍ വീടാകെ പരക്കുകയാണെന്നും  തോന്നി.അനുനിമിഷം അതതാ വലുതാകുന്നു.പറക്കുമ്പോള്‍ ചിറകുകളില്‍ നിന്നും പാമ്പിന്‍സീല്‍ക്കാരം.ഒരു മാത്ര കൊണ്ടു അതെന്നെയും ചെപ്പിലടച്ച മകനെയും ഒരു ചിതല്‍ മണി പോലെ കൊറിച്ചേക്കാം.കയ്യില്‍ കിട്ടിയ മുട്ടന്‍ വടിയാല്‍ പല തവണ അടിച്ചെങ്കിലും കുസൃതിയോടെ എന്നെ പല തവണ കളിപ്പിച്ച് അത് പുറത്തേക്ക് പറന്നു.അപ്പോഴും ചുമരിലെല്ലാം അവ വന്നു നിറയുന്നുണ്ടെന്ന തോന്നലില്‍ ഞാന്‍ ഭിത്തികള്‍ തച്ചു തകര്‍ക്കാന്‍ തുടങ്ങി.

ഈ മുറിയുടെ ഇരുട്ടിലേക്ക് അങ്ങനെയാണ് ദിനങ്ങള്‍ ഉണരാനും ഉറങ്ങാനും തുടങ്ങിയത്.വല്ലപ്പോഴും ഭക്ഷണമേകാന്‍ മാത്രമാണ് വെളിച്ചത്തിന്റെ കിളിവാതിലുകള്‍ തുറക്കപ്പെടുക.ഞാന്‍ വെള്ളം കണ്ടിട്ടെത്രയായി..കട്ട പിടിച്ച മുടി..ചളി കെട്ടിയ ശരീരം.എനിക്ക് എന്നെത്തന്നെ നാറുന്നു.പുറത്തു നിന്നും ആരുടെയോ സഹതാപത്തിന്റെ ചില്ലുചീളുകള്‍ മനസ്സിലേക്ക് തുളച്ചു കയറുന്നുണ്ട് – 'പാവം ,നൊസ്സായിപ്പോയി .അശൂത്രീന്നും മാറീല്ലാച്ചാ ചങ്ങല തന്നെ ശരണം ..ഭഗവതീ ,കാക്കണേ .......... 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ