Pages

2013, ഡിസംബർ 28, ശനിയാഴ്‌ച

പുഴയും അവളും(കഥ)


പുഴ രാത്രിയുടെ പുതപ്പിനെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കളിക്കുകയായിരുന്നു.അടിയില്‍ നിന്നും മുകളിലേക്ക് പതഞ്ഞുയരുന്ന കൊടുംതണുപ്പ് വര്‍ഷക്കാലത്തു മാത്രം അതിന്റെ ഉള്ളില്‍ കനക്കും.രാത്രിയെ പുലരാനനുവദിക്കാതെ വാരിപ്പുണര്‍ന്നു കിടക്കാനായിരുന്നു അപ്പോഴൊക്കെയും അതിനിഷ്ടം.വെയിലും വേനലും അതിന്റെ സകല രഹസ്യങ്ങളും ചോര്‍ത്താന്‍ തുടങ്ങിയത് ഈയടുത്ത കാലം മുതലാണ്.മടിത്തട്ടില്‍ വിരൂപമായി തെറിച്ചു നില്‍ക്കുന്ന പാറകളും കല്ലുകളും മുള്‍പടര്‍പ്പും വെയിലിനോടൊപ്പം പുഴയെ പരിഹസിച്ചു: 'മുമ്പ് നീ മേഘങ്ങളോട് മേനി പറഞ്ഞിരുന്നില്ലേ, എത്ര വേണമെങ്കിലും കുടിച്ചോളൂ, നിന്റെ സ്ഫടികയുടുപ്പിന്റെ ഒരു പാളി പോലും ഉടഞ്ഞു തീരില്ലെന്ന്..എന്നിട്ടിപ്പോളെന്തു പറ്റി?'
 
'ഓ, അതൊരു കാലം..ഇപ്പോള്‍ എന്തെല്ലാം ദുരിതങ്ങള്‍..എപ്പോഴും വലിയ ടയറുകള്‍  അങ്ങോട്ടുമിങ്ങോട്ടുമുരുട്ടി ലോറികള്‍ കടത്തിക്കൊണ്ടു പോകുന്നു എന്റെ മണല്‍പാത്രങ്ങളത്രയും..വെള്ളം സൂക്ഷിക്കാന്‍ ഒരു പാളത്തൊട്ടിയേകുന്നതിനു പകരം വെയിലേ നീ കളിയാക്കുന്നതെന്ത്?'
രാത്രി-  കശപിശയും വിലപേശലും..എന്റെ വസ്ത്രത്തിന്റെ ഓരോ പാളിയും ചുരുട്ടിക്കൂട്ടി ഇവര്‍ കൊണ്ടു പോകും.സങ്കടം നദിയുടെ ഉള്ളില്‍ ചുഴലിയായി വട്ടം കറങ്ങി.തെളിഞ്ഞും കലങ്ങിയും ഒഴുകിയിരുന്ന ജലപ്പെരുമയുടെ ശീതത്തിലേക്ക് അത് കണ്ണടച്ചു .ഓരത്ത് കൂട്ടിയിട്ട തുണികള്‍ക്കിടയില്‍ കാറ്റിലിളകുന്ന ദുപ്പട്ടയുടെ അഗ്രം..എത്രയോ തവണ കണ്ടതെങ്കിലും വെറുതെ നീറ്റുന്നു ആ കാഴ്ചയെപ്പോഴും മനസ്സിനെ.. തന്റെ വയറില്‍ പുളച്ചു വളരുന്ന പാഴ്‌ചെടികള്‍ ഓരോ ഉടുപ്പൂരലിനും ശയ്യയൊരുക്കുന്നു..പാറയും മുള്‍ച്ചെടികളും മാത്രം ബാക്കിയായ നദി സ്ഫടികജലം ഉറന്നു വന്നിരുന്ന കുന്നിന്റെ, ചെന്നു ചേരുന്ന കടലിന്റെ ഒക്കെ സ്മരണയില്‍ ആണ്ടു മുങ്ങി കിടക്കവെ, ഉയരെ നിന്നെവിടുന്നോ മാലിന്യക്കൂമ്പാരം അവളുടെ നെഞ്ചിലേക്ക് പതിച്ചു.അല്ലെങ്കിലേ ഫാക്റ്ററികളും ആശുപത്രികളും അവയുടെ ദുര്‍ഗന്ധം നിറഞ്ഞ കറുത്ത കുഴലുകള്‍ അവളുടെ വയറിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്.
 
കെട്ട മണം കൊണ്ട് കരയില്‍ പോലും ഇപ്പോള്‍ ആരുമുണ്ടാകാറില്ല, ആ പെണ്‍കുട്ടിയല്ലാതെ..രാത്രി അവളെ തേടി വരുന്നവര്‍ക്കാകട്ടെ ദുര്‍ഗന്ധം ഒരു പ്രശ്‌നവുമല്ല മദിച്ചു നീന്തുന്ന പുഴുക്കള്‍, നാറുന്ന അഴുക്ക്..എന്നിട്ടും ഒരു ദിവസംആ കാഴ്ച പുഴയെ അമ്പരപ്പിച്ചു.വിസര്‍ജ്യങ്ങളില്‍ ഉദിച്ചു നില്‍ക്കുന്ന അനേകം വെള്ളപ്പൂക്കള്‍..ആ പെണ്‍കുട്ടി അത് കയ്യെത്തിച്ചു പറിക്കുന്നു.അഴുക്കില്‍ പൂണ്ട കാലുകള്‍ കറുത്തിരിക്കുന്നു. സ്മരണകളുടെ കയ്പത്രയും ചില്ലുതരികളായി അവളുടെ കണ്ണുകളില്‍ നിന്നും വീണുകൊണ്ടിരുന്നു.അദ്ഭുതം! ഒരു പ്രകാശവലയം അവളുടെ ശിരസ്സിനു ചുറ്റും നൃത്തം ചെയ്യുന്നുണ്ട്. സ്‌നേഹത്തോടെ ആ നേര്‍ത്ത കൈകളില്‍ സ്പര്‍ശിക്കാന്‍  വെമ്പി സരസി കിതച്ചൊഴുകി..നാറ്റം ചരല്‍മഴ പോലെ പെയ്തുപിന്നെയും പിന്നെയും...........  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ