Pages

2013, ഏപ്രിൽ 10, ബുധനാഴ്‌ച


കണക്കെടുപ്പ് ..................................കവിത

അന്‍പത്തൊന്നു വര്‍ഷങ്ങള്‍ പകലും രാത്രിയും കണ്ടത്

ഇതാ ഇങ്ങനെ തലയും ഉടലും വേര്‍പെട്ടു കിടക്കാനായിരുന്നു

ഇരുപത്തെട്ടു വെട്ടിനാല്‍ മുഖം ചിതറിയും

കൈകാലുകള്‍ വിഭജിക്കപ്പെട്ടും

 കാണുന്നവരില്‍ ഭീതിയുണര്‍ത്തിയും

പണ്ട് ഇരുപത്തെട്ടു കെട്ടിന് അമ്മ പൊന്‍നൂലണിഞ്ഞ

അരുമയായ കഴുത്താണ് ദേഹത്തോട് പിണങ്ങി

ദൂരേക്ക്‌,തലയെയും കൊണ്ട് ഉരുണ്ടു പോയത്

പോഷകാഹാരങ്ങള്‍ കഴിച്ചും വ്യായാമം ചെയ്തും

ഒരു തുള്ളി പൊലു൦ നഷ്ടപ്പെടുത്താതെ ഉണ്ടാക്കിയെടുത്ത ചോരയാണ്

അനാഥമായി, മണ്ണാകെ ചുവപ്പിച്ച് കറ പിടിപ്പിച്ചു പരക്കുന്നത്

“അവന്‍ മരണത്തിലും ചുവപ്പ് കൈവിട്ടില്ല

അവനാണ് സഖാവ് രക്തസാക്ഷി”

ആരൊക്കെയോ പിറുപിറുക്കുന്നു.

നാല്‍പ്പതു വയസ്സില്‍  മൂക്കിന്‍തുമ്പത്തെത്തിയ കണ്ണട അമ്പരക്കുന്നു

കാലുകള്‍ ഞെളുങ്ങി ,തെറിച്ചു വീണിടത്തു നിന്നും നോക്കുന്നു.

മുപ്പതു വയസ്സുമുതല്‍ സന്തതസഹചാരിയായ മൊബൈല്‍

വീഴ്ചയുടെ ആഘാതത്തില്‍ അനക്കമറ്റു.

അനേകരുടെ, ഖദറുടുപ്പിലേക്കുള്ള വളര്‍ച്ചയിലേക്ക്

കൊണിയായി ചാരി വെക്കപ്പെട്ടപ്പോള്‍

ഓര്‍ത്തുവോ ഇങ്ങനെയൊരു വിയോഗം

കൊന്നവരെത്ര കൊല്ലപ്പെട്ടവരെത്ര

എല്ലാം എത്ര നിസ്സാരമെന്നു തിരിച്ചറിയാന്‍

കാലമെത്രയാണ് നടത്തിക്കുന്നത്

പക ദേഷ്യം ഒന്നും ആത്മാവിനെ സ്പര്‍ശിക്കുന്നില്ല

നിതാന്തമായ പുഞ്ചിരിയാണതിനു കൂട്ട്

നിര്‍മമതയുടെ വെള്ളപ്പാടയുള്ള കണ്ണുകള്‍ ഒന്നും കാണുന്നില്ല

എങ്ങും പതഞ്ഞൊഴുകുന്ന പാല്‍ക്കടലല്ലാതെ

ദ്വേഷിക്കാന്‍ നിറങ്ങള്‍ പട വെട്ടുന്നുമില്ല

പച്ച ചുവപ്പ് കാവി............

ഇനിയും യാത്ര അവസാനിക്കുന്നില്ല

കണക്കെടുപ്പാണ് പുതിയ ജോലി

വിഡ്ഢിവേഷം കെട്ടി ഇനിയെത്ര പേര്‍

ചോര ചിന്തുന്നു അട്ടഹസിക്കുന്നു

എത്ര വിധവകള്‍ കുഞ്ഞുങ്ങള്‍

കണ്ണീരുപ്പില്‍ കുതിര്‍ന്നളിയുന്നു

അര്‍ത്ഥരഹിതമാണെല്ലാം

വ്യര്‍ത്ഥതയുടെ കൂറ്റന്‍ഭാണ്ഡങ്ങളാണ് ഓരോ ചുമലിലും ..............  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ