Pages

2011, ഡിസംബർ 10, ശനിയാഴ്‌ച

പീഡന മുറി



പീഡനമുറിയുടെ
കല്‍ച്ചുമരുകള്‍ എന്നെ തുറിച്ചുനോക്കി,വിലങ്ങുകള്‍ ഇറച്ചിയിലേക്ക്‌ ആഴ്ന്നു
തുടങ്ങി.മാസങ്ങളായി അവ കൈവളകളായിട്ട്.ഒരു നായക്കെന്നോണം എറിഞ്ഞു കിട്ടിയ ഭക്ഷണം
ഞാന്‍ നക്കിനക്കിത്തിന്നു.വെള്ളം കപ്പിക്കുടിച്ചു.ഏകാന്തതടവറയുടെ ഇരുണ്ട ചുമരുകളെ തുറിച്ചുനോക്കി
ഭ്രാന്തനായി ഞാനങ്ങോട്ടുമിങ്ങോട്ടും നടന്നു.തിന്നാന്‍വരുന്ന രക്ഷസനായ
ഏകാന്തത...നാളെ കോടതിയില്‍ ഹാജരാക്കുമത്രെ,അതുകൊണ്ടാവും കീറി നാറിയ ദേഹത്തെ അവര്‍
വെള്ളം ചീറ്റി കുതിര്‍ത്തത്.അപ്പോഴും വിലങ്ങഴിച്ചില്ല.അതിശക്തമായി വെള്ളം മേലേക്ക്
ചീറ്റിയപ്പോള്‍ ഞാന്‍ തെരുവ്നായയെപ്പോലെ മോങ്ങി,അവര്‍ ആര്‍ത്തുചിരിച്ചു..സ്വന്തം
ശരീരം എന്നേ എന്‍റെതല്ലാതായി.ഭക്ഷണം,വെള്ളം അങ്ങനെ ആനന്ദവും ആശ്വാസവുമാകുന്ന
എന്തും പീഡനഅറയില്‍ വ്യസനഹേതുവാണ്.ദാഹം മാറ്റാന്‍ തിളച്ച വെള്ളം,വിശപ്പകറ്റാന്‍
പുളിച്ച ഭക്ഷണം,പശിയും ദാഹവും ഒരു മനുഷ്യന്‍റെ ആത്മാഭിമാനത്തെ അടിയോടെ
തുരന്നെടുക്കും.അവയുടെ കൊടുമുടിയില്‍ നമ്മളെത് മലവും ഭക്ഷിക്കും,ഏതു മൂത്രവും
കുടിക്കും.
ഷൂ
കൊണ്ട് മേലാകെ ചവിട്ടിയരച്ച് ഇന്‍സ്പെക്ടര്‍ അട്ടഹസിച്ചു,”എവിടുന്നാടാ നായേ നീ
ബോംബുണ്ടാക്കുന്നത്?ആരെടാ നിന്‍റെ കൂട്ടാളികള്‍?”ഇരുമ്പുലക്ക മാംസപേശികളെ
ഞെരിച്ചൊടിച്ചു,നിമിഷങ്ങള്‍ക്കകം ഞാനൊരു കലങ്ങിയ ദ്രാവകമായി.അന്ധമാക്കുന്ന
തീവ്രപ്രകാശത്താല്‍ കണ്ണീരുപോലും വറ്റി.ആ കഠിനവെളിച്ചത്തിലും ഇരുളിന്‍റെ ഭീമന്‍
സത്വങ്ങള്‍ എന്നെ തലങ്ങും വിലങ്ങും ഇടിച്ചു.ആ പേപ്പറുകളില്‍ ഒപ്പിട്ടാല്‍,കോടതിയില്‍
എല്ലാം സമ്മതിച്ചാല്‍..”എങ്കില്‍ നിനക്ക് രക്ഷപ്പെടാം,ഇല്ലെങ്കില്‍ ഓരോ
മിനിറ്റിലും മരിച്ചുകൊണ്ടിരിക്കാം...ഓര്‍മ വച്ചോളൂ.”ഡി ഐ ജി പുഴുപ്പല്ലുകള്‍
കാട്ടി മൂക്രയിട്ടു.ആദ്യമായി കോടതിയിലെത്തിയപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്.അത് അതേ
സ്ഥലം തന്നെയായിരുന്നു,തുറുകണ്ണുകളുള്ള പീഡനഅറ.ഏറ്റവും വലിയ പീഡകര്‍
ജഡ്ജിക്കസേരയിലിരുന്ന്‍ പല്ലിളിക്കുന്നു!ഭേദ്യങ്ങളുടെ അടുത്ത എപ്പിസോഡിനായി എന്നെ
വീണ്ടും കസ്റ്റഡിയില്‍ വിട്ടു.
ജീവിതമരത്തില്‍ വ്യസനവും
അത്ഭുതവുമാണ് മാറിമാറി കായ്ക്കുന്നത്.സത്യം പഴന്തുണിചുറ്റി ഭിക്ഷ യാചിച്ചു,പേപ്പറിലെല്ലാം
ഞാന്‍ കൊടുംഭീകരനാണത്രെ! പാറക്കെട്ടുകള്‍ എത്ര കയറിയിറങ്ങി പാവം അബ്ബ,എന്നെ
കാണാനുള്ള വെറും അഞ്ചു മിനുട്ടിന്.അങ്ങനെ ഏകാന്തതടവറയിലെ അത്ഭുതജീവി യുഗങ്ങള്‍ക്കുശേഷം
പുറംലോകം കണ്ടു.ജയിലിലെത്തുന്നതോടെ നമ്മള്‍ വേരുകളില്ലാത്തവരാകും,വെറും പടുമുളകള്‍.എന്നെ
പിടിച്ചുകൊണ്ടു പോയ അന്നുമുതല്‍ കിടപ്പിലായ അമ്മ മരിച്ചു.എന്നിട്ടും പുറംവെളിച്ചം
എന്നെ നിരസിച്ചു.സൂര്യന്‍ പകയോടെ എന്‍റെ സെല്ലിനുമുകളില്‍
കത്തിജ്ജ്വലിച്ചതിനാലാവാം ഞാന്‍ ഉരുകിത്തിളച്ചു.അമ്മയെക്കുറിച്ച ഓര്‍മകളില്‍
വെന്തു.ഒരു ചോണനുറുമ്പിനെ ചവിട്ടിയരച്ചതിനു പിച്ചിതിണര്‍പ്പിച്ചു ഒരിക്കല്‍
അമ്മ.അന്നു മുതല്‍ തുടങ്ങിയ നല്ല നടപ്പാണ്.എന്നിട്ടും കല്‍ത്തുറുങ്കിന്‍റെ
വായ്ക്കുള്ളില്‍ ചതഞ്ഞരയാനായിരുന്നു വിധി.എത്രയെത്ര കൊടുംകുറ്റവാളികള്‍ നമ്മെ
ഭരിച്ചുകൊണ്ടിരിക്കുന്നു.പുഞ്ചിരിയില്‍ മുഖം മറച്ച് സ്വതന്ത്രരായി
പരിലസിക്കുന്നു.അതിലൊന്നും പങ്കുകൊള്ളാതിരുന്നിട്ടും കൊടും ഭീകരന്‍റെ കറുത്ത
കുപ്പായമിതാ എന്‍റെ തലയ്ക്കുമുകളിലും.അമ്പതു പേര്‍ മരിച്ച ബോംബ്‌സ്‌ഫോടനത്തിന്‍റെ
സൂത്രധാരന്‍ ഞാനാണത്രെ.നിയമസഭാ മന്ദിരത്തില്‍ ബോംബ്‌ വെക്കാന്‍
ശ്രമിച്ചു,കിലോകണക്കിനു സ്ഫോടനവസ്തുക്കള്‍ വീടിനടുത്ത് ഒളിപ്പിച്ച നിലയില്‍
കണ്ടെത്തി..എന്നെങ്കിലും പുറംലോകം കാണാന്‍ യോഗമുണ്ടെങ്കില്‍
നിറവേറണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇത്രയുമാണ്;ഒരു പടക്കനിര്‍മാണ ശാലയെങ്കിലും
സന്ദര്‍ശിക്കണം,സ്ഫോടനവസ്തുക്കളുടെ അടിസ്ഥാന ചേരുവയെങ്കിലും
മനസ്സിലാക്കണം,എങ്കിലല്ലേ ഒരു പടക്കശാലയെങ്കിലും തട്ടിക്കൂട്ടാനാകൂ.ഈ ഭേദ്യങ്ങല്‍ക്കെല്ലാം
പ്രായശ്ചിത്തമായി എന്നെത്തന്നെ അതിനുള്ളിലിട്ടു ചുട്ടെരിക്കാനാകൂ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ