സഡാക്കോയുടെ കുറിപ്പുകൾ (കഥ )
ശരീഫ മണ്ണിശ്ശേരി
ഓഗസ്റ്റ്. 5-
പരാദങ്ങളെക്കുറിച്ചായിരുന്നു ആ പുസ്തകം. ശവഗന്ധമുള്ള, ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫിളീഷ്യയെക്കുറിച്ച്. അതിന്റെ പെരുത്ത ഇതളുകൾക്കപ്പുറം നേർത്ത നാരുകൾ തൊട്ടടുത്തുള്ള ദുർബലമായ മരത്തിന്റെ ഇറച്ചിയിലേക്ക് ആഴ്ന്നിറങ്ങി. അതിന്റെ ശേഷിക്കുന്ന ചോരയും നീരും ആ നൂലുകളിലൂടെ ഭീമൻ പൂവിലേക്ക് കിനിഞ്ഞിറങ്ങി..
ഓഗസ്റ്റ്. 6-
പതിനായിരം കടലാസു പറവകളെ നിർമിച്ചാൽ എന്റെ രോഗം സുഖപ്പെടുമെന്ന് എല്ലാവരും പറയുന്നു. ഇപ്പോൾ നൂറെണ്ണമായി. കൊതുക് കടിച്ചിടത്തെല്ലാം നീലപ്പാടുകൾ.. അസുഖം ഇനിയും കൂടിയാൽ കാഴ്ചയും പോകുമത്രെ.. ആകാശത്തിലേക്ക് പറന്നുയരുന്ന മിഴിമീനുകൾക്ക് പുറകെ ഞാനും കുതിച്ചുയരും. ഞാനില്ലാതെ അവയ്ക്കെങ്ങനെ കാണാനാവും? യുദ്ധവാർത്തകളാണെങ്ങും. കരച്ചിലുകൾ ചില്ലുതരികളായി ചെവികളെ ഇറുക്കുമ്പോൾ വേദനിക്കുന്ന കാലുകളെ വലിച്ചിഴച്ച് ഞാൻ ജനലിനടുത്തെത്തും. തെരുവുകൾ ശവപ്പറമ്പുകളായി തുറിച്ചു നോക്കുന്നു. തീ തുപ്പുന്നൊരു രാക്ഷസക്കണ്ണ് എല്ലായിടത്തും മുരണ്ടു നീങ്ങുന്നു. നോവുന്ന ദേഹത്തെ എവിടെയാണ് ഒളിപ്പിക്കുക? പതിനായിരം വെള്ളക്കൊക്കുകളെ ഉണ്ടാക്കിക്കഴിയുമ്പോൾ മനുഷ്യരുടെ പോരും അവസാനിക്കുമായിരിക്കും. അന്ന് കിഴക്കൻ മലകളിൽ സൂര്യന്റെ പട്ടുമുഖം പുഞ്ചിരിക്കുമായിരിക്കും .
രാത്രി -
സ്വപ്നത്തിന്റെ ഇരുണ്ട വാതിലുകൾ തുറന്ന് എനോള ഗേ എന്നൊരു രാക്ഷസൻ തെരുവിൽ പ്രത്യക്ഷനായി. താനേ ചുവക്കുന്ന പല്ലുകൾ, തീ വർഷിക്കുന്ന കണ്ണുകൾ.. ഇരപിടിയൻ ചെടികളുടെ കൂറ്റൻ വർണചിത്രങ്ങൾ എല്ലായിടത്തും ഒട്ടിച്ചുകൊണ്ടാണ് വരവ്. അത്തരം ചെടികളുടെ ഒരുദ്യാനം താൻ നിർമിക്കാൻ പോവുകയാണെന്ന് അയാൾ ആക്രോശിക്കുന്നുണ്ട്. പടത്തിൽ ചെടിയുടെ കുടം പോലുള്ള വായിലേക്ക് തെന്നി വീഴുന്ന പ്രാണികൾ.. ഉടനെ അടയുന്ന അതിന്റെ മാന്ത്രികക്കതകുകൾ.. പെട്ടെന്ന് ദൂരേക്ക് അയാൾ ഒരു ഓറ ഞ്ച് ആഞ്ഞെറിഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ചത് പോലെ താപവും പ്രകാശവും.. ഇടി മുഴങ്ങി. വീശിയടിക്കുന്ന കാറ്റിൽ ആർത്തനാദങ്ങൾ കൂടിക്കുഴഞ്ഞു. രൗദ്രമായ ആഹ്ലാദത്തോടെ അയാൾ അട്ടഹസിച്ചു - "വെൽ ഡൺ ലിറ്റിൽ ബോയ്, വെൽ ഡൺ.."
ഓഗസ്റ്റ് 8-
കിനാവുകൾ വിഷജ്വരമായി ഉറക്കത്തെ കടിച്ചു കുടയുന്നു.. തെരുവിൽ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. വലിയൊരു കൂൺ പോലെ പുകപടലം എങ്ങും തണൽ വിരിച്ചു. കരിമഴയായി പിന്നെയത് നിർത്താതെ കരഞ്ഞു. നിലത്ത് വലിയ വലയങ്ങളായി തമോജലം തളം കെട്ടി. നദികളിലും കുളങ്ങളിലും മീനുകൾ പ്രാണനായി പിടഞ്ഞു. കത്തിക്കരിഞ്ഞ മരങ്ങൾക്കും എടുപ്പുകൾക്കും മുമ്പിൽ ഒരു സൈക്കിൾ അതിന്റെ സഹചാരിയോടൊപ്പം കറുത്തു പുകഞ്ഞു കിടപ്പുണ്ടായിരുന്നു. അംബരത്തിൽ നിന്ന് താഴ്ന്നു വന്ന തീഗോളം എല്ലാം ചാമ്പലാക്കി പുതിയ ദിശയിലേക്ക് കുതിച്ചു.
ഓഗസ്റ്റ്. 10-
ഉണ്ടാക്കിയ വെള്ളപ്പറവകളെയൊന്നും കാണാനില്ല. വ്രണപ്പെട്ട കാലുകളെ വലിച്ചിഴച്ച് വീടാകെ തിരഞ്ഞു. പതിനായിരം തികക്കാതെ എങ്ങനെ എന്റെ അസുഖം മാറും.പള്ളിയിൽ ഒരു നേർച്ചയുണ്ട് മമ്മയ്ക്ക്. കറുത്തിരുണ്ട ആകാശത്തേക്ക് നോക്കിയപ്പോൾ അമ്പരന്നു, ഒഴുകി നീങ്ങുന്ന കരികട്ടകൾക്കിടയിലൂടെ എന്റെ വെള്ളപ്പക്ഷികളെ കൊത്തിയെടുത്ത് പറന്നകലുന്ന അനേകം കഴുകുകൾ.. അവയുടെ കാലുകളിൽ നിന്നുറ്റി വീഴുന്ന ചോര..
ഓഗസ്റ്റ് 11.
ഉറക്കമൊഴിച്ച് ആറാം തവണയാണ് ഈ നിർമാണം. ഓരോ പ്രാവശ്യവും നൂറ് തികഞ്ഞാൽ പിന്നെ എല്ലാം അപ്രത്യക്ഷമാകും. പതിനായിരം തികയുമ്പോൾ കൂട്ടി വച്ച് പള്ളീലച്ചനെ കൊണ്ട് പ്രാർഥിപ്പിക്കണമെന്ന് മമ്മ നിശ്ചയിച്ചിരുന്നു.
"യുദ്ധവും രോഗവും ഭൂമിയിൽ നിന്ന് ഇല്ലാതാവില്ല മോളേ, അതാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. നീ വിഷമിക്കാതെ. ചികിത്സ നടക്കുന്നുണ്ടല്ലോ. "
പൂച്ചട്ടിയിലെ ചെടികളെല്ലാം വെള്ളമൊഴിച്ചിട്ടും വാടുന്നതെന്താവോ.. നാളെയാണ് ആശുപത്രിയിൽ പോകേണ്ടത്..
ഒക്ടോബർ. 1-
മുറിഞ്ഞു പോയ ദിനങ്ങളിലെല്ലാം ശവവണ്ടികളുടെ സൈറണുകളാണ്.കുത്തി വരഞ്ഞ പേജ് പോലെ യായിട്ടുണ്ട് ജീവിതം. ശവമുറിയുടെ ഇരുണ്ട നിശ്ചലതയിൽ എന്റെ കയ്യിൽ കെട്ടിയ ടാഗ് പരിശോധിക്കുന്ന സൂക്ഷിപ്പുകാരൻ.. മമ്മാ.. ഭീതിയോടെ നിലവിളിച്ച എന്നെ മമ്മ വിതുമ്പിക്കൊണ്ട് തലോടി. എവിടെയും തൊടാൻ വയ്യ. നീര് വന്ന് വീർത്തിരിക്കുന്നു.
ഡിസംബർ. 13-
കഴിഞ്ഞു പോയ ദിനങ്ങളിൽ എന്തൊക്കെയാണുണ്ടായത്? ദീർഘമയക്കത്തിൽ നിന്നുണർന്നപ്പോൾ എന്റെ ഡയറി നോക്കി കരയുന്ന മമ്മയെയാണ് കണ്ടത്. സ്വപ്നം ക്രിസ്മസ് കാലത്തേക്കാണ് കൊണ്ട് പോയത്. സമ്മാനങ്ങൾ എങ്ങും വാരി വിതറുന്ന ക്രിസ്മസ് അപ്പൂപ്പൻ. വീടുകൾക്ക് മുമ്പിൽ ആടിക്കളിക്കുന്ന ജ്വലിക്കുന്ന നക്ഷത്രങ്ങൾ.. ക്രിസ്മസ് ട്രീകൾക്കിടയിൽ നിന്ന് തുള്ളിത്തുളുമ്പുന്ന വർണബലൂണുകൾ.. ഹോ! എന്നും ക്രിസ്മസ് ആയിരുന്നെങ്കിൽ!
ഉണർന്നപ്പോഴാകട്ടെ വ്യസനത്തിന്റെ ഞരക്കങ്ങളാണ് ചുറ്റിലും. എന്തെല്ലാം പുതുപേരുകളിലാണ് വ്യാധി അഴിഞ്ഞാടുന്നത്.. ആരുമെന്തേ കടലാസ് പറവകൾ ഉണ്ടാക്കുന്നില്ല?
നോക്കൂ, ഇവിടെയാകെ മേഘങ്ങളാണ്. ദൂരെയെവിടുന്നോ മമ്മയുടെ വിലാപം ഒരു കടന്നലായി എന്നെ കുത്തുന്നു..
അന്തരീക്ഷത്തിലൂടെ ഒരു ചെറുകാറ്റായി വന്ന് നിങ്ങളോരോരുത്തരുടെയും ചെവിയിൽ മന്ത്രിച്ചോട്ടെ ഞാൻ? കടലാസുപറവകളെ ഇത് വരെയും ആർക്കും പൂർത്തിയാക്കാനായില്ല. എന്റെ തൊങ്ങലുടുപ്പാകെ ഈ വിഷപ്പുകയുടെ കറയാണ്. എങ്ങും ശ്വാസം മുട്ടിക്കുന്ന മണങ്ങളും ചെവി തകർക്കുന്ന ഘോരശബ്ദങ്ങളും . അഗ്നിയുടെ ഓറഞ്ചു വർണവും വെന്തു കരിയുന്ന മാംസഗന്ധവും ഭീതി വിരിക്കുന്നു . ഉരുകി ഭസ്മമായവരുടെ ചാരത്തിൽ പൂഴ്ന്നാണ് എന്റെ കുഞ്ഞുചിറകുകൾ കറുത്തു പോയത്. വലിയ തലയും നേർത്ത കൈകാലുകളുമുള്ള ഈ രൂപങ്ങൾ നിരങ്ങി നീങ്ങുന്നത് എങ്ങോട്ടാണ്?
അങ്ങ് ദൂരെ തൂവെളിച്ചെമുള്ളൊരു കോണിൽ വെൺപറവകളെ പറത്തി രസിക്കുകയാണ് മുതിർന്നവരും കുട്ടികളും. അവരെന്നോ സ്ഥാപിച്ച എന്റെ ചെറുപ്രതിമയിൽ എത്രയാണ് ദ്വാരങ്ങൾ.. ആയുധങ്ങൾ കൊണ്ട് തകർക്കാനാവാത്ത പുതിയൊരു ലോഹക്കൂട്ടിൽ, സ്വർണവർണത്തിൽ എന്റെ പ്രതിമ പുനർനിർമ്മിക്കയാണവർ. അതിന്റ കാൽക്കൽ എഴുതിയത് നോക്കൂ -"ഇവിടെ എല്ലാ ആത്മാക്കളും ശാന്തരായി വിശ്രമിക്കട്ടെ."
കത്തിജ്വലിക്കുന്ന ഒരു ദീപശിഖ പ്രതിമക്കരികിൽ വെളിച്ചത്തിന്റെ ചീളുകളെ എങ്ങും തെറിപ്പിക്കുന്നു. ഇരുട്ടിനെയാകെ വിഴുങ്ങിക്കളയുന്ന ഒരു പ്രകാശക്കമ്പളം ലോകമാകെ പരന്നു കിടന്നെങ്കിൽ എത്ര നന്നായേനെ.. അതിന്റെ വെളിച്ചം ഹാ! എത്ര മനോഹരമായേനെ...
--------------------------
സഡാക്കോ സസാക്കി -12കാരിയായ ജപ്പാൻകാരി.ആണവ വികിരണത്താൽ രക്‌താർബുദം ബാധിച്ചു. പതിനായിരം കടലാസുപറവകളെ ഉണ്ടാക്കിത്തീരും മുമ്പേ മരിച്ചു.
പതിനായിരം കടലാസുപറവകളെ ഉണ്ടാക്കിയാൽ രോഗങ്ങൾ സുഖപ്പെടുമെന്ന് അന്നാട്ടുകാർ ആക്കാലത്ത് വിശ്വസിച്ചിരുന്നു.
എനോളഗേ - അമേരിക്ക ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം.
ലിറ്റിൽ ബോയ് - അമേരിക്ക വർഷിച്ച അണുബോംബിന്റെ നാമം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ